എസ്‌പന്യോളിനെ വിൽക്കാൻ ഉടമസ്ഥർ, കണ്ണ് നട്ട് പി എസ് ജി ഉടമകൾ

Nihal Basheer

20220714 202912

നൂറ്റിയിരുപത് വർഷത്തെ പാരമ്പര്യമുള്ള ക്ലബ്ബാണ് ആർസിഡി എസ്പാന്യോൾ. ബാഴ്‌സലോണ നഗരത്തിലെ രണ്ടാമത്തെ വലിയ ക്ലബ്ബ്. എഫ്സി ബാഴ്‌സലോണക്കൊപ്പം ലാ ലീഗയിലെ മറ്റൊരു കാറ്റലോണിയൻ പ്രതിനിധി. 2016ലാണ് ചൈനീസ് ഗ്രൂപ്പ് ആയ റാസ്റ്റർ എസ്പാന്യോളിന്റെ ഉടമസ്ഥാവകാശം നേടിയെടുക്കുന്നത്. ഇപ്പോൾ ടീം പ്രെസിഡന്റ് ഷെൻ യാൻഷെഗും റാസ്റ്റർ ഗ്രൂപ്പും എസ്പാന്യോളിന് പുതിയ ഉടമസ്ഥരെ തേടുന്നു എന്ന വാർത്ത പുറത്തേക്കു വരികയാണ്. ടീമിനെ വിറ്റ് ഒഴിവാക്കാൻ തന്നെയാണ് ഇവരുടെ തീരുമാനം. സ്പാനിഷ് മാധ്യമമായ റേഡിയോ മാർകയാണ് വാർത്ത പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

ഇതു വരെ രണ്ട് ഓഫറുകളാണ് എസ്പാന്യോളിന് വേണ്ടി ചൈനീസ് ഉടമസ്ഥരുടെ മുന്നിൽ എത്തിയിരിക്കുന്നത്. അതിൽ ഒന്ന് പിഎസ്ജിയെ കൈവശം വെച്ചിരിക്കുന്ന “ഖത്തർ സ്‌പോർട്സ് ഇൻവെസ്റ്റ്‌മെന്റ്” ൽ നിന്നുമാണ്. നാസർ അൽ ഖലീഫി ചെയർമാൻ ആയുള്ള ഈ ഗ്രൂപ്പ് 2011 മുതൽ പിഎസ്ജിയുടെ ഉടമസ്ഥരാണ്. നോർത്ത് അമേരിക്കയിൽ നിന്നുമുള്ള മറ്റൊരു ഗ്രൂപ്പും എസ്പാന്യോളിൽ താൽപര്യം പ്രകടിപ്പിച്ചു വന്നിട്ടുണ്ട്. എങ്കിലും ഖത്തറിൽ നിന്നുള്ള താൽപര്യം തന്നെയാണ് ഈ കൈമാറ്റത്തിൽ ഏവരും ഉറ്റുനോക്കുന്നത്.

നിലവിൽ പിഎസ്ജി അല്ലാതെ മറ്റൊരു ഫുട്ബോൾ ടീമും ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റിന് കീഴിൽ ഇല്ല. തങ്ങളുടെ സാന്നിധ്യം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ അവർ ശ്രമിക്കുന്നതായി സൂചനകൾ ഉണ്ട്.പോർച്ചുഗീസ് ടീമായ ബ്രാഗക്ക് വേണ്ടിയുള്ള ശ്രമങ്ങൾ പരിസമാപ്തിയിലാണ്. ഇതോടൊപ്പമാണ് എസ്പാന്യോളിന് വേണ്ടി ഖത്തർ രംഗത്ത് വരുന്നത് കൂടിവായിക്കേണ്ടത്. വിവിധ ലീഗുകളിൽ സ്വന്തം ടീമുകളെ വളർത്താൻ തന്നെയാണ് അവർ ലക്ഷ്യമിടുന്നത്. അതും ബാഴ്‌സലോണ നഗരത്തിൽ നിന്ന് തന്നെ ആവുമ്പോൾ ചിരവൈരികൾ ആയ ബാഴ്‌സയുടെ സാന്നിധ്യം അവർക്ക് സഹായകരമാവുകയും ചെയ്യും.