എസ്പാന്യോളിനെ സമനിലയിൽ തളച്ച് കാഡിസ്. മോശം ഫോമിലുള്ള കാറ്റലോണിയൻ ടീമിനെതിരെ ആദ്യം ലീഡ് എടുത്തു വിജയപ്രതീക്ഷകൾ സ്വപ്നം കണ്ട കാഡിസിന് പിന്നീട് ഗോൾ വഴങ്ങേണ്ടി വന്നെങ്കിലും നിർണായകമായ ഒരു പോയിന്റ് നേടാനായി. വിജയം ലക്ഷ്യമിട്ടിറങ്ങിയ എസ്പാന്യോളിന് ഇതോടെ പതിനേഴാം സ്ഥാനത്ത് തുടരേണ്ടി വരും. കാഡിസിനും പട്ടികയിൽ സ്ഥാനചലനം ഒന്നും ഉണ്ടാകില്ല. പത്തൊൻപതാം സ്ഥാനത്താണ് കാഡിസ്. ഹോസെലുവിന്റെ ഇരട്ട ഗോൾ എസ്പാന്യോളിന്റെ തുണക്കെത്തിയപ്പോൾ വിക്ടർ ചസ്റ്റും ലൂക്കാസ് പേരെസും കാഡിസിന് വേണ്ടി വല കുലുക്കി.
സ്വന്തം തട്ടകത്തിൽ കാഡിസ് തന്നെയാണ് ആദ്യം ഗോൾ കണ്ടെത്തിയത്. ഗോൾ നേടാനാവാതെ ഇരു ടീമുകളും വിഷമിച്ചപ്പോൾ പ്രതിരോധ താരം വിക്ടർ ചെസ്റ്റിലൂടെ അവർ സമനിലപ്പൂട്ട് പൊട്ടിച്ചു. ലീഡിന്റെ ആവേശത്തിൽ കാഡിസ് ആദ്യ പകുതിക്ക് പിരിഞ്ഞെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എസ്പാന്യോൾ തിരിച്ചടിച്ചു. അൻപത്തിയൊന്നാം മിനിറ്റിൽ ബ്രയാൻ ഒലിവന്റെ ക്രോസിൽ തലവെച്ചു കൊണ്ട് ഹോസെലു ആദ്യ ഗോൾ നേടി. അറുപതിയേഴാം മിനിറ്റിൽ വലങ്കാലൻ ഷോട്ടിലൂടെ ഗോൾ വലകുലുക്കി ഹോസെലു എസ്പാന്യോളിന് മത്സരത്തിൽ ആദ്യമായി ലീഡ് സമ്മാനിച്ചു. മത്സരം കൈവിടാൻ കൂട്ടക്കാതിരുന്ന കാഡിസ് ലുകാസ് പേരെസിന്റെ ഗോളിലൂടെ സമനില നേടി ഒരു പോയിന്റ് കൈവശപ്പെടുത്തി.