അവസാന സ്ഥാനക്കാരായ എൽഷെയോട് അപ്രതീക്ഷിത തോൽവി നേരിട്ട അത്ലറ്റികോ മാഡ്രിഡ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി. ആദ്യ പകുതിയിൽ ഫിഡൽ നേടിയ ഗോളാണ് എൽഷേക്ക് ജയം സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയ റയൽ മാഡ്രിഡിന് ഇതോടെ രണ്ടാം സ്ഥാനത്ത് രണ്ടു ഗോൾ ലീഡ് നിലനിർത്താനായി. നാല് മത്സരങ്ങൾ ശേഷിക്കെ മാഡ്രിഡ് ടീമുകൾ തമ്മിലുള്ള പോരാട്ടം കനക്കുകയാണ്.
സ്വന്തം തട്ടകത്തിൽ അത്ലറ്റികോക്കെതിരെ മികച്ച തുടക്കം കുറിച്ച എൽഷേ, പന്ത് കൈവശം വെക്കുന്നതിലും എതിർ ബോക്സിന് സമീപം കൂടുതലായി എത്തുന്നതിലും വിജയിച്ചു. അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ അത്ലറ്റികോക്ക് തുടക്കം മുതൽ പിഴച്ചു. ഇടക്കിടെ ഉള്ള കൗണ്ടർ അറ്റാക്കുകൾ ആയിരുന്നു അത്ലറ്റികോക്ക് ശരണം. കനത്ത സമ്മർദ്ദം ചെലുത്തി കളി മെനഞ്ഞ എൽഷേ തുടക്കം മുൻതൂക്കം നേടി. റ്റെറ്റെ മോറന്റെ, ബ്ലാൻകോ എന്നിവരുടെ ശ്രമങ്ങൾ ലക്ഷ്യം കാണാതെ പോയി. പതിനേഴാം മിനിറ്റിൽ ബോക്സിനുള്ളിൽ നിന്നും മോളിന നൽകിയ പാസിൽ പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ച് ഗ്രീസ്മാനും മൊറാടയും അവസരം തുലച്ചത് അപ്രതീക്ഷിതമായി. ഇടവേളക്ക് പിരിയാൻ മിനിറ്റുകൾ ബാക്കി നിൽക്കെ എൽഷേ ഗോൾ നേടി. ത്രോയിലൂടെ എത്തിയ ബോളിൽ കീപ്പർ ഗർബിക്കിന് പിഴച്ചപ്പോൾ അവസരം കാത്തിരുന്ന ഫിഡൽ വല കുലുക്കി. പിറകെ അത്ലറ്റികോയുടെ പെനാൽറ്റി അപ്പീൽ റഫറി തള്ളി. ജിമിനസിന്റെ ഹെഡർ അവസരം കീപ്പർ തടുത്തു.
രണ്ടാം പകുതിയിൽ പല തവണ അത്ലറ്റികോ ഗോളിന് അടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാൻ ആയില്ല. മൊളിനയുടെ പാസിൽ കൊറിയയുടെ ഷോട്ട് അകന്ന് പോയി. ഗ്രീസ്മാന്റെ പാസിൽ മൊറാടയുടെ ഷോട്ടും ലക്ഷ്യം കണ്ടില്ല. ഇരു ടീമുകൾക്കും പല തവണ അവസരങ്ങൾ വീണു കിട്ടി. ഇഞ്ചുറി ടൈമിൽ പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ച് മൊരാട്ടയുടെ ഹെഡർ അവസരം അകന്ന് പോയപ്പോൾ അത്ലറ്റികോ ആരാധകർ തലയിൽ കൈവെച്ചു. തരം താഴ്ത്തൽ ഒഴിവാക്കാൻ ആവില്ലെങ്കിലും അഭിമാന വിജയം നേടാൻ എൽഷേക്കായി.