സ്പാനിഷ് ക്ലബായ എൽചെ ലാലിഗയിലേക്ക് പ്രൊമോഷൻ നേടിയത് തീർത്തും നാടകീയമായ രീതിയിൽ ആയിരുന്നു. ഇന്നലെ നടന്ന ലാലിഗ പ്ലേ ഓഫിന്റെ രണ്ടാം പാദത്തിൽ ജിറോണയെ ആണ് എൽചെ പരാജയപ്പെടുത്തത്. ഫൈനലിന്റെ ആദ്യ പാദത്തിൽ ഇരു ക്ലബുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്നലെ നടന്ന രണ്ടാം പാദത്തിൽ 96ആം മിനുട്ടിലെ ഒരു ഗോളിലാണ് എൽചെ വിജയിച്ചത്.
മത്സരം ഗോൾ രഹിതമായതിനാൽ എക്സ്ട്രാ ടൈമിലേക്ക് പോകും എന്ന് തോന്നിച്ച നിമിഷത്തിൽ ആയിരുന്നു ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷത്തിൽ എൽചെ വിജയ ഗോൾ നേടിയത്. മിലിയയുടെ ഹെഡർ ആണ് എൽചെയെ തിരികെ ലാലിഗയിൽ എത്തിച്ചത്. ജിറോണയുടെ സ്റ്റുവാനി രണ്ടാം പകുതിയുടെ തുടക്കത്തിൽ ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് എൽചെ ലാലിഗയിൽ മടങ്ങി എത്തുന്നത്.