എൽ ക്ലാസികോ എന്ന സ്പാനിഷ് വമ്പന്മാരുടെ പോരിൽ 1932ന് ശേഷം ആദ്യമായി വിജയങ്ങളുടെ എണ്ണത്തിൽ ബാഴ്സലോണ മുന്നിൽ എത്തി. ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സലോണ പരാജയപ്പെടുത്തിയിരുന്നു. ഇത് ബാഴ്സലോണയുടെ എൽ ക്ലാസികോയിലെ 96ആം വിജയമായിരുന്നു. റയലിന്റെ 95 വിജയങ്ങൾ എന്ന റെക്കോർഡിനൊപ്പം കഴിഞ്ഞ ആഴ്ച ബാഴ്സലോണ എത്തിയിരുന്നു.
ഈ സീസണിൽ മാത്രം മൂന്ന് തവണയാണ് ബാഴ്സലോണയോട് റയൽ മാഡ്രിഡ് പരാജയപ്പെട്ടത്. ഇതുവരെ 242 എൽ ക്ലാസികോ മത്സരങ്ങൾ നടന്നിട്ടുണ്ട്. ബാഴ്സലോണ 96 വിജയങ്ങളും റയൽ മാഡ്രിഡ് 95 വിജയങ്ങളും സ്വന്തമാക്കി. 51 മത്സരങ്ങൾ സമനിലയിലാണ് അവസാനിച്ചത്. വിജയത്തിന്റെ എണ്ണത്തിൽ ബാഴ്സലോണ മുന്നിൽ ആണെങ്കിലും ഗോളുകളുടെ എണ്ണത്തിൽ റയൽ മാഡ്രിഡ് ആണ് മുന്നിൽ. റയൽ മാഡ്രിഡ് 403 ഗോളുകൾ നേടിയപ്പോൾ ബാഴ്സലോണ 399 ഗോളുകളാണ് നേടിയത്.
മെസ്സി ബാഴ്സലോണയിൽ അരങ്ങേറ്റം നടത്തുന്ന സമയത്ത് റയൽ മാഡ്രിഡ് 87 -66 ബാഴ്സലോണ എന്നായിരുന്നു എൽ ക്ലാസികോ വിജയങ്ങളുടെ കണക്ക്.