ബാഴ്സലോണക്ക് എതിരെ ഒരിക്കൽ കൂടി ആഞ്ഞടിച്ച് ലാ ലീഗ പ്രസിഡന്റ് ടെബാസ്. നെഗ്രിര കേസ് ലീഗിനെ അപകീർത്തിപെടുത്തി എന്നും ബാഴ്‌സയിൽ നിന്നും ഇത് സംബന്ധിച്ച് യാതൊരു വിശദീകരണവും ലഭിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. മോവിസ്റ്റാറിനായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സ്റ്റേഡിയങ്ങളിൽ ബാഴ്‌സക്കെതിരെ ഉണ്ടാവുന്ന പ്രതിഷേധങ്ങൾ മനസിലാവുന്നു എന്നും ടെബാസ് പറഞ്ഞു.
ലാ ലീഗയിൽ റയൽ മാഡ്രിഡിന് തിരിച്ചു വരാനുള്ള അവസരം ആണ് ഈ എൽ ക്ലാസിക്കോ എന്ന് ചൂണ്ടിക്കാണിച്ച ടെബാസ് ലീഗിൽ ഇനിയും മത്സരങ്ങൾ അവശേഷിക്കുന്നുണ്ട് എന്നും പറഞ്ഞു. എമ്പാപ്പെ റയലിലേക്ക് എത്തുന്നതിൽ തനിക്കുള്ള സംതൃപ്തിയും ഒരിക്കൽ കൂടി വെളിപ്പെടുത്തി. ” എമ്പാപ്പെ റയലിൽ എത്തിയാൽ സന്തോഷമേയുള്ളൂ. താരത്തെ ലാ ലീഗയിലേക്ക് എത്തിക്കാനുള്ള ഒരേയൊരു മാർഗം ആണത്. സാമ്പത്തിക പരമായി റയലിന് മാത്രമേ ഇത്തരമൊരു നീക്കം നടത്താൻ സാധിക്കൂ.” അദ്ദേഹം പറഞ്ഞു.
ഗവിയുടെ നിലവിലെ കരാർ സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ താരത്തിന് എൽ ക്ലാസിക്കോയിൽ തീർച്ചയായും കളിക്കാം എന്നും എന്നാൽ നിലവിൽ യൂത്ത് ടീമിനോടൊപ്പം ഉള്ള പഴയ കരാർ മാത്രമേ സാധുവാകൂവുള്ളൂ എന്നും ടെബാസ് പറഞ്ഞു. അടുത്ത സീസണിന് മുന്നോടിയായി താരത്തെ സീനിയർ ടീമിൽ ചേർക്കണമെങ്കിൽ ടീമിന്റെ മൊത്തം സാലറിയിൽ ജൂൺ അവസാനിക്കുന്നതിന് മുൻപ് കുറവ് വരുത്തേണ്ടതുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.