റയൽ മാഡ്രിഡിൽ തനിക്ക് വേണ്ടത്ര സമയം ലഭിച്ചിരുന്നില്ലെന്ന് പുറത്താക്കപ്പെട്ട പരിശീലകൻ ലോപെറ്റെഗി. റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് തനിക്ക് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ ആവശ്യമായ സമയം തന്നില്ലെന്നാണ് സൂചിപ്പിച്ചത്. സീസണിന്റെ തുടക്കത്തിൽ റയൽ മാഡ്രിഡ് മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും എന്നാൽ മൂന്ന് മോശം ആഴ്ചകൾ തന്റെ പണി തെറിപ്പിച്ചെന്നും മുൻ റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞു.
സിദാൻ റയൽ മാഡ്രിഡ് വിട്ട ഒഴിവിലേക്കാണ് സ്പെയിൻ പരിശീലകനായിരുന്ന ലോപെറ്റെഗിയെ ലോകകപ്പ് തുടങ്ങാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ പുതിയ പരിശീലകനായി റയൽ മാഡ്രിഡ് നിയമിച്ചത്. എന്നാൽ റയൽ മാഡ്രിഡ് പരിശീലകനാക്കിയതിന് പിന്നാലെ തന്നെ ലോകകപ്പിന് തൊട്ടു മുൻപ് സ്പെയിനിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ലോപെറ്റെഗിയെ പുറത്താക്കുകയായിരുന്നു. തുടർന്ന് സീസൺ തുടങ്ങി മൂന്ന് മാസത്തിനു ശേഷം റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കത്തെ തുടർന്ന് ലോപെറ്റെഗിയെ റയൽ മാഡ്രിഡും പുറത്താക്കുകയായിരുന്നു.