ലാലിഗയിൽ ഇന്ന് നടന്ന ടോപ്പ് ഓഫ് ദി ടേബിൾ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡും ബാഴ്സലോണയും സമനിലയിൽ പിരിഞ്ഞു. സൂപ്പർ സബ്ബായി എത്തി 87ആം മിനുട്ടിൽ സമനില നേടിയ ഡെംബലെയാണ് ഇന്ന് ബാഴ്സലോണയെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. ശക്തമായ ടാക്ടിക്കൽ പോരാട്ടമാണ് ഇന്ന് മാഡ്രിഡിൽ കണ്ടത്. കളിയുടെ 77ആം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു കളിയിലെ ആദ്യ ഗോൾ പിറക്കാൻ.
ഒരു കോർണറിൽ നിന്ന് ഡിയേഗോ കോസ്റ്റയുടെ ഹെഡറിലൂടെ ആയിരുന്നു കളിയിലെ ആദ്യ ഗോൾ. കോസ്റ്റ നീണ്ട കാലത്തിനു ശേഷമാണ് ലാലിഗയിൽ ഒരു ഗോൾ നേടുന്നത്. കോസ്റ്റയുടെ ഗോൾ കളി അത്ലറ്റിക്കോ മാഡ്രിഡിന് സ്വന്തമാക്കി കൊടുക്കും എന്നാണ് ആദ്യം തോന്നിപ്പിച്ചത്. പക്ഷെ സൂപ്പർ സബ്ബായി എത്തിയ ഡെംബൽവ് ബാഴ്സയെ രക്ഷിച്ചു. മെസ്സിയുടെ ഗംഭീര പാസിൽ നിന്നായിരുന്നു ഡെംബലയുടെ ഗോൾ.
നിരവധി വിമർശനങ്ങൾ തനിക്കെതിരെ ഉയരുന്നതിനിടെയാണ് ഡെംബലെ ഈ ഗോൾ നേടുന്നത്. ഈ സമനില ബാഴ്സലോണയെ ലീഗിൽ ഒന്നാമത് തന്നെ നിലനിർത്തും. 13 മത്സരങ്ങളിൽ നിന്ന് ബാഴ്സലോണക്ക് 25 പോയന്റുൻ അത്ലറ്റിക്കോ മാഡ്രിഡിന് 24 പോയന്റുമാണ് ഉള്ളത്.