യോഹൻ ക്രൈഫ്‌ എൻഎഫ്റ്റിയുമായി ബാഴ്‌സലോണ, കൂടെ അമ്പരപ്പിക്കുന്ന വാഗ്ദാനങ്ങളും

ക്ലബ്ബിന്റെ ഇതിഹാസ താരം യോഹൻ ക്രൈഫിന്റെ ഐതിഹാസികമായ നിമിഷം എൻഎഫ്റ്റി രൂപത്തിൽ അവതരിപ്പിക്കാൻ ബാഴ്‌സലോണ. അത്ലറ്റികോ മാഡ്രിഡിനെതിരെ ’73 ഡിസംബർ 22 ന് നടന്ന മത്സരത്തിൽ ക്രൈഫ് നേടിയ മറക്കാനാവാത്ത ആക്രോബാറ്റിക് ഗോളിനെയാണ് ബാഴ്‌സലോണ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നത്. ക്രൈഫിന്റെ തന്നെ വാക്കുകൾ നിന്നും പ്രചോദനം ഉൾക്കൊണ്ട് “ഇൻ എ വേ, ഇമ്മോർട്ടൽ” എന്നാണ് ഈ ആനിമേറ്റഡ് രൂപത്തിന് നൽകിയിരിക്കുന്ന തലക്കെട്ട്. ആനിമേറ്റഡ് രൂപത്തിന് കൂടെ ഗോളിന്റെ വിവിധ വശങ്ങളിൽ നിന്നുള്ള നാല് നിശ്ചല ചിത്രങ്ങളും എൻഎഫ്റ്റി രൂപത്തിൽ ഇറക്കുന്നുണ്ട്.

ബിസിഎൻ വിശ്വൽസ്, ഡിജിറ്റൽ സൂപ്പർസ്റ്റുഡിയോ തുടങ്ങിയവരുടെ കൂടി സഹായത്തോടെയാണ് പതിറ്റാണ്ടുകൾക്ക് മുന്നേയുള്ള ഗോളിന്റെ ദൃശ്യം എൻഎഫ്റ്റി രൂപത്തിലേക്ക് മാറ്റാൻ ബാഴ്‌സലോണക്ക് സാധിച്ചത്‌. ഈ എൻഎഫ്റ്റി സ്വന്തമാക്കുന്നവർക്ക് ഇതിന് പുറമെ ക്ലബ്ബിനോടൊപ്പം നേടാൻ സാധിക്കുക ഒരിക്കലും മറക്കാൻ ആവാത്ത ചില നിമിഷങ്ങൾ കൂടിയാവും. ബാഴ്‌സയുടെ താരങ്ങളുമായുള്ള കൂടിക്കാഴ്ച്ച, പ്രധാന ദിവസങ്ങളിൽ താരങ്ങൾ വഴിയുള്ള ആശംസകൾ, ലാ മാസിയ സന്ദർശനം, ക്യാമ്പ് ന്യൂവിൽ തന്നെ പന്ത് തട്ടാനുള്ള അവസരം സൗഹൃദ മത്സരങ്ങൾക്ക് മുന്നേ പന്ത് കൈമാറാനുള്ള അവസരം തുടങ്ങി ഏതൊരു ആരാധകനും കൊതിക്കുന്ന അവസരങ്ങൾ ആണ് ബാഴ്‌സലോണ മുന്നോട്ടു വെക്കുന്നത്. ഇതിനെല്ലാം പുറമെ ബാഴ്‌സയുടെ ഡിജിറ്റൽ അംബാസഡർ എന്ന പദവിയും കൈവരും.

ജൂലൈ 21 മുതൽ “ഇൻ എ വേ, ഇമ്മോർട്ട”ലിന് വേണ്ടി ലേലം ആരംഭിക്കും. 29നാണ് വിൽപന നിശ്ചയിച്ചിരിക്കുന്നത്. ഏതൊക്കെ ക്രിപ്റ്റോകറൻസി ഉപയോഗിക്കാമെന്നും ക്ലബ്ബ് വെബ്‌സൈറ്റ് അറിയിച്ചട്ടിട്ടുണ്ട്. ബിറ്റ്കോയിൻ,എതെറിയം, ഡോട് കോയിൻ, യുഎസ്ഡിസി എന്നിവ ഉപയോഗിച്ച് ലേലത്തിൽ പങ്കെടുക്കാം. ഇതിന് പുറമെ കൂടുതൽ എൻഎഫ്റ്റികൾ പുറത്തു വിടാനുള്ള തയ്യാറെടുപ്പിൽ ആണ് ബാഴ്‌സലോണ. പഴയതും പുതിയതുമായ ഒരുപാട് നല്ല നിമിഷങ്ങളെ ഡിജിറ്റൽ രൂപത്തിലാക്കാനുള്ള തയ്യാറെടുപ്പിൽ ആണ് ടീം. വരും മാസങ്ങളിൽ തന്നെ ഇവ പുറത്തിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ആണ് ബാഴ്‌സ.