സ്പാനിഷ് ലാ ലീഗയിൽ ആദ്യ ജയം നേടി സെവിയ്യ. എസ്പന്യോളിന്റെ തിരിച്ചു വരവ് അതിജീവിച്ചു ത്രില്ലറിൽ 3-2 നു ആണ് സെവിയ്യ മത്സരത്തിൽ ജയം കണ്ടത്. കടുത്ത സമ്മർദത്തിൽ ആയ സെവിയ്യ പരിശീലകൻ ലോപറ്റ്യൂഗിക്ക് ഈ ജയം കച്ചിത്തുരുമ്പായി. കളം നിറഞ്ഞു കളിച്ചു ഇരട്ടഗോളുകളും ഒരു അസിസ്റ്റും നേടിയ 20 കാരൻ യുവതാരം ജോസെ ആഞ്ചൽ കാർമോണയുടെ മികവ് ആണ് സെവിയ്യക്ക് ജയം സമ്മാനിച്ചത്. കരിയറിൽ തന്റെ രണ്ടാം മത്സരത്തിന് മാത്രം ഇറങ്ങിയ സെവിയ്യ അക്കാദമി താരവും വലത് ബാക്കും ആയ കാർമോണ ആദ്യ മിനിറ്റിൽ തന്നെ എറിക് ലമേലക്ക് ആയി ഗോൾ ഒരുക്കി.
26 മത്തെ മിനിറ്റിൽ കാർമോണ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ ഗോൾ കണ്ടത്തി. ക്ലബിന് ആയി താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്. 45 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോളും യുവതാരം കുറിച്ചു. എന്നാൽ തൊട്ടടുത്ത നിമിഷം മാർകോസ് അകുനയുടെ ഹാന്റ് ബോളിന് എസ്പന്യോളിനു പെനാൽട്ടി അനുവദിച്ചു. പെനാൽട്ടി ഹോസലു ലക്ഷ്യത്തിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 62 മത്തെ മിനിറ്റിൽ മാർട്ടിൻ ബ്രത്വെയിറ്റ് ഗോൾ നേടിയതോടെ എസ്പന്യോളിനു തിരിച്ചു വരവ് പ്രതീക്ഷ വന്നു. 84 മത്തെ മിനിറ്റിൽ എറിക് ലമേല രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്തായതോടെ സെവിയ്യ പ്രതിരോധത്തിലായി. 10 പേരായി ചുരുങ്ങിയെങ്കിലും അവസാനം എസ്പന്യോൾ വെല്ലുവിളി അതിജീവിച്ചു സെവിയ്യ സീസണിലെ ആദ്യ ജയം കുറിക്കുക ആയിരുന്നു.