സീസണിലെ രണ്ടാം വിജയം അവസാന നിമിഷം വഴങ്ങിയ പെനാൽറ്റിയിലൂടെ നഷ്ടപ്പെടുത്തി കാഡിസ്. ജിറോണയെ അവരുടെ തട്ടകത്തിൽ വീഴ്ത്താനുള്ള അസുലഭ അവസരം നഷ്ടപ്പെടുത്തിയതോടെ റെലെഗെഷൻ സ്ഥാനത്ത് നിന്നും കരകയറാനുള്ള സാധ്യതയും കാഡിസ് കൈവിട്ടു. തോൽവി ഏറ്റു വാങ്ങാതെ നിർണായകമായ ഒരു പോയിന്റ് നെടാൻ ആയത് ജിറോണക്കും നേട്ടമായി. കാഡിസിന് വേണ്ടി അലക്‌സ് ഫെർണാണ്ടസ് ഗോൾ നേടിയപ്പോൾ ജിറോണയുടെ ഗോൾ സ്റ്റുവാനി സ്വന്തം പേരിൽ കുറിച്ചു.
പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് ഉന്നം വെക്കുന്നതിലും ബഹുദൂരം മുന്നിൽ നിന്ന ജിറോണക്ക് പക്ഷേ ഗോൾ നേടാൻ പലപ്പൊഴും നിർഭാഗ്യം തടസമായി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരം ആരംഭിച്ചപ്പോൾ തന്നെ കാഡിസ് വല കുലുക്കി മുന്നേറ്റത്തിൽ നേഗ്രേഡോയും ഫെർണാണ്ടസും ചേർന്ന് കൂട്ടുകെട്ട് ആണ് ടീമിന് ഗോൾ സമ്മാനിച്ചത്. ബോക്സിനുള്ളിലേക്ക് ലഭിച്ച പന്ത് നെഗ്രേഡോ കൃത്യമായി ഫെർണാണ്ടസിന് മറിച്ചു നൽകിയപ്പോൾ താരത്തിന് വല കുലുക്കം ആയാസപ്പെടേണ്ടി വന്നില്ല. പത്ത് മിനിറ്റിൽ കൂടുതൽ അധിക സമയം അനുവദിച്ച രണ്ടാം പകുതിയിലാണ് ജിറോണക്ക് സമനില ഗോൾ നേടാൻ ആയത്. അവസാന നിമിഷം വീണ് കിട്ടിയ പെനാൽറ്റി സ്റ്റുവാനി വലയിൽ എത്തിച്ചപ്പോൾ ആതിഥേയർക്ക് ആശ്വാസമായി.