ലാ ലീഗ മത്സരത്തിൽ ബാഴ്‌സലോണയുടെ അടുത്ത എതിരാളികൾ കാദിസ്. വിജയിച്ചാൽ താൽക്കാലികമായിട്ടെങ്കിലും പോയിന്റ് പട്ടികയിൽ മുകളിൽ എത്താൻ ബാഴ്‌സക്ക് സാധിക്കും. അവസാന മത്സരങ്ങളിൽ ഗോൾ അടിച്ചു കൂട്ടി മികച്ച ഫോമിലാണ് ബാഴ്‌സലോണ. ഇതേ ഫോം കാഡിസിനെതിരെയും നിലനിർത്താൻ ആവും ടീമിന്റെ ശ്രമം. അതേ സമയം അടുത്ത കാലത്ത് ബാഴ്‌സക്ക് കടുത്ത തലവേദന സൃഷ്ടിക്കുന്ന ടീമാണ് കാദിസ്. അവസാന നാല് കൂടിക്കാഴ്ച്ചയിൽ കാഡിസിനെതിരെ വിജയം നേടാൻ ബാഴ്‌സക്കായിട്ടില്ല. രണ്ടു വിജയവും രണ്ടു തോൽവിയും ആണ് നേടാനായത്. ഇതും കൂടി മനസിൽ വെച്ചാവും ബാഴ്‌സലോണ മത്സരത്തിന് ഇറങ്ങുക.
കാഡിസ് സൂക്ഷിക്കേണ്ട എതിരാളികൾ ആണെന്ന് സാവി അഭിപ്രായപ്പെട്ടു. മത്സരത്തിന് മുൻപായുള്ള വാർത്താ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എങ്കിലും ഏതു വിധേനയും മൂന്ന് പോയിന്റ് നേടിയെടുക്കാൻ തങ്ങൾ ശ്രമിക്കുമെന്ന് സാവി പറഞ്ഞു. ടീമിനോടൊപ്പം ചേർന്ന ബെല്ലരിൻ, അലോൻസോ എന്നിവർ മത്സരത്തിനുള്ള സ്ക്വാഡിൽ ഉണ്ടാവുമെന്ന് സാവി പറഞ്ഞു.
ചാമ്പ്യൻസ് ലീഗ് മത്സത്തിൽ വിശ്രമം അനുവദിച്ച റാഫിഞ്ഞ ടീമിലേക്ക് തിരിച്ചെത്തും. ഡെമ്പലെ, ലെവെന്റോവ്സ്കി എന്നിവർ തന്നെ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കും. അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരം ബയേണിനെതിരെ ആണെന്നതിനാൽ ചിലർക്ക് വിശ്രമം അനുവദിക്കാൻ സാവി ശ്രമിച്ചേക്കും. വിക്ടോറിയക്കെതിരെ ബെഞ്ചിൽ നിന്നും മത്സരം ആരംഭിച്ച ഗവിയും ആദ്യ ഇലവനിലേക്ക് മടങ്ങി എത്തിയേക്കും. ആദ്യ ഇലവനിൽ അല്ലെങ്കിലും പിക്വേക്ക് വീണ്ടും അവസരം നൽകാനും സാധ്യതയുണ്ട്.
കാഡിസിന്റെ തട്ടകത്തിൽ വെച്ചു നടക്കുന്ന മത്സരം ഇന്ത്യൻ സമയം ശനിയാഴ്‌ച രാത്രി പത്തിനാണ് ആരംഭിക്കുന്നത്.