കഴിഞ്ഞ ദിവസം സെവിയ്യക്കെതിരായ മത്സരത്തിൽ വിജയം കണ്ടെങ്കിലും ബാഴ്‌സലോണക്ക് ആശങ്ക നൽകി സെർജിയോ ബസ്ക്വറ്റ്സിന്റെ പരിക്ക്. സെവിയ്യ താരം എൻ-നെസിറിയുടെ ചവിട്ടേറ്റ് വീണ ബാഴ്‌സ ക്യാപ്റ്റൻ, മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കളം വിട്ടിരുന്നു. താരത്തിന്റെ ഇടത് കാലിലാണ് ഉളുക്ക് ബാധിച്ച് പരിക്കേറ്റതെന്ന് ബാഴ്‌സലോണ അറിയിച്ചിട്ടുണ്ട്. തിരിച്ചു വരവ് എന്നത്തേക്ക് ഉണ്ടാവും എന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും രണ്ടോ മൂന്നോ ആഴ്ച്ച വരെ താരം പുറത്തിരിക്കേണ്ടി വരും എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ നൽകുന്ന സൂചന.
ബസ്ക്വറ്റ്സിന്റെ അഭാവം പക്ഷെ ബാഴ്‌സലോണ ശേഷിച്ച മത്സരത്തിൽ കാര്യമായി അറിഞ്ഞിരുന്നില്ല. പകരമിറങ്ങിയ കെസ്സിക്ക് ജോർഡി ആൽബയുടെ ഗോളിന് അസിസ്റ്റ് നൽകാനും ആയിരുന്നു. എന്നാൽ യൂറോപ്പയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ആദ്യ പാദ മത്സരമടക്കം താരത്തിന് നഷ്ടമാകും. സമീപകാലത്ത് വീണ്ടും ഫോമിലേക്കുയർന്ന ക്യാപ്റ്റന്റെ അഭാവം സാവി എങ്ങനെ മറികടക്കും എന്നത് ബാഴ്‌സയുടെ തുടർന്നുള്ള മത്സരങ്ങളിലെ പ്രകടനത്തെ നിർണയിച്ചേക്കും.