ലയണൽ മെസ്സി മടങ്ങി എത്തിയിട്ടും ബാഴ്സക്ക് പരാജയം. സ്വന്തം മൈതാനത്ത് 3-4 നാണ് റയൽ ബെറ്റിസ് ബാഴ്‌സയെ നാണം കെടുത്തിയത്. ബാഴ്സ പ്രതിരോധത്തിലെ സകല പോരാഴ്മകളും മുതലെടുത്താണ് ബെറ്റിസ് അപ്രതീക്ഷിത ജയം നേടിയത്. മത്സരത്തിന്റെ സർവ്വ മേഖലകളിലും ബാഴ്‌സയെ പിന്നിലാക്കിയ ബെറ്റിസ് മത്സരത്തിൽ ഒരിക്കൽ പോലും ബാഴ്‌സയെ മുന്നിട്ട് നിൽക്കാൻ അനുവദിച്ചില്ല.
ആദ്യ പകുതിയിൽ ബാഴ്‌സയെ ഞെട്ടിക്കുന്ന പ്രകടനമാണ് ബെറ്റിസ് നടത്തിയത്. ബാഴ്സ ഗോൾ മുഖത്തേത് നിരന്തരം ആക്രമണം നടത്തിയ ബെറ്റിസ് 20 ആം മിനുട്ടിൽ ലീഡ് നേടി. വില്യം കാർവാലോയുടെ പസിൽ നിന്ന് ഫിർപ്പോയുടെ ഗോൾ. പിന്നീട് 14 മിനുറ്റുകൾക്കകം അവർ ലീഡ് രണ്ടാക്കി. ജാക്കിൻ തെല്ലൊയാണ് ഗോൾ നേടിയത്. ആദ്യ പകുതിയിൽ ബാഴ്സ ഗോൾ മുഖത്തേക്ക് ബെറ്റിസ് 4 ഷോട്ടുകൾ പായിച്ചപ്പോൾ ബാഴ്സക്ക് കേവലം ഒരു ഷോട്ട് മാത്രമാണ് നടത്താനായത്.
രണ്ടാം പകുതിയിൽ ബാഴ്സക്ക് തിരിച്ചു വരാൻ അവസരം ഒരുങ്ങിയെങ്കിലും ബെറ്റിസ് കളിക്കാരുടെ ആക്രമണത്തിന് മുൻപിൽ ബാഴ്സ പ്രതിരോധം തകരുന്നതാണ് കണ്ടത്. ആദ്യ പകുതിയിൽ നിറം മങ്ങിയ ആർതറിന് പകരം രണ്ടാം പകുതിയിൽ വിദാൽ ഇറങ്ങി. 68 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി മെസ്സി ഗോളാക്കിയെങ്കിലും ബാഴ്‌സയെ ദുരന്തം കാതിരിക്കുന്നെ ഉണ്ടായിരുന്നുള്ളൂ. മൂന്ന് മിനുറ്റുകൾക്കകം സെൽസോ ബെറ്റിസിന്റെ 2 ഗോൾ ലീഡ് പുനസ്ഥാപിച്ചു, സ്കോർ 1-3. 79 ആം മിനുട്ടിൽ വിദാൽ ഒരു ഗോൾ മടക്കിയതോടെ ബാഴ്സ സമനില പ്രതീക്ഷിച്ചെങ്കിലും 81 ആം മിനുട്ടിൽ റാകിറ്റിച് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ബാഴ്സക്ക് തിരിച്ചടിയായി. ഏറെ വൈകാതെ കാനൽസ് ബെറ്റിസിന്റെ നാലാം ഗോളും നേടി ബാഴ്സയുടെ പെട്ടിയിലെ അവസാന ആണിയടിച്ചു. പിന്നീട് കളി തീരാൻ സെക്കന്റുകൾ ബാക്കി നിൽക്കെ മെസ്സി ബാഴ്സയുടെ മൂന്നാം ഗോൾ നേടിയെങ്കിലും സമയം ഏറെ വൈകിയിരുന്നു.
ഈ സീസണിൽ ലീഗിൽ ബാഴ്സയുടെ രണ്ടാമത്തെ തോൽവിയാണ് ഇത്. തോറ്റെങ്കിലും 24 പോയിന്റുള്ള ബാഴ്സ തന്നെയാണ് ലീഗിൽ ഒന്നാമത്.