റയൽ മാഡ്രിഡിൽ പത്താം സീസണിനൊരുങ്ങി ബെൻസിമ

റയൽ മാഡ്രിഡിൽ പത്താം സീസണിനായി തയ്യാറെടുക്കുകയാണ് സൂപ്പർ താരം കരീം ബെൻസിമ. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അപ്രതീക്ഷിതമായ വിടവാങ്ങലിനു ശേഷം റയലിന്റെ നേടും തൂണായി നിൽക്കുന്നത് ഈ ഫ്രഞ്ച് താരമാണ്. പ്രീ സീസൺ മത്സരങ്ങളിൽ റയലിനെ മുന്നിൽ നിന്നും നയിക്കാനും ബെൻസിമക്ക് സാധിച്ചു. റയലിന്റെ ഹയരാർക്കിയിൽ മൂന്നാം ക്യാപ്റ്റനാണ് ബെൻസിമ. ക്യാപ്റ്റൻ റാമോസും മാഴ്സെലോയും മാത്രമാണ് ബെൻസിമയേക്കലിലും സീനിയറായ മാഡ്രിഡ് താരങ്ങൾ. റയലിലെത്തിയ യുവതാരങ്ങളെ മെന്റർ ചെയ്യുന്നതും ബെൻസിമയാണ്. പുതുതായി ടീമിലെത്തിയ വിനീഷ്യസ് ജൂനിയർ ബെൻസിമ കംഫർട്ട് ചെയ്യുന്ന യുവതാരങ്ങളിൽ ഒരാളാണ്.

2009 ൽ അൻപത് മില്യൺ ഡോളറിനാണ് ലിയോണിൽ നിന്നും ബെൻസിമ റയലിൽ എത്തുന്നത്. 21 ആം വയസിൽ റയലിലെത്തിയ ബെൻസിമ റയലിനോടൊപ്പം നേടാത്ത നേട്ടങ്ങളില്ല. BBC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റയലിന്റെ ആക്രമണ ത്രയത്തിലെ അംഗമെന്ന നിലയിൽ ഒട്ടേറെ നേട്ടങ്ങൾ റയലിന് വേണ്ടി ബെൻസിമ നേടിക്കൊടുത്തു. ബെയ്‌ലിനും റൊണാൾഡോയ്ക്കും ഒപ്പം ബെൻസിമ മാഡ്രിഡിൽ രചിച്ചത് ഇതിഹാസമാണ്. കഴിഞ്ഞ സീസണിൽ 12 ഗോളുകൾ മാത്രമേ നേടിയില്ലെങ്കിലും ആവശ്യഘട്ടത്തിൽ ബെൻസിമ അവസരത്തിനോടൊത്തു ഉയർന്നത് കൊണ്ടാണ് ഹാട്രിക്ക് ചാമ്പ്യൻസ് ലീഗെന്ന ചരിത്ര നേട്ടം റയൽ സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗ് സെമിയിൽ ബയേണിന്റെ കോച്ച് യപ്പ് ഹൈങ്കിസിന്റെ തന്ത്രങ്ങളും നിക്‌ളാസ് സുലെയുടെ മാർക്കിങ്ങിലും പെട്ട് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ഗോളടിക്കാനാവാതെ വിഷമിച്ചപ്പോളാണ് ബെൻസിമ അവസരത്തിനൊത്ത് ഉയർന്നത്.

ഗോൾ സ്‌കോറർ എന്നതിലുപരി ഗോളടിപ്പിക്കാനും ടീമിനെ മുന്നോട്ട് നയിക്കുന്ന ചാലക ശക്തി എന്ന നിലയിലാണ് മുൻ റയൽ കോച്ചായ സിദാൻ ബെൻസിമയെ വിശേഷിപ്പിച്ചത്. എൽ ക്ലാസിക്കോയിലെ റയലിന്റെ ആയുധം കൂടിയാണ് മൂപ്പത്തുകാരനായ ഫ്രഞ്ച് താരം. പതിനഞ്ച് ഗോളുകളും അസിസ്റ്റും ബാഴ്‌സയ്‌ക്കെതിരെ ബെൻസൈമയുടേതായിട്ടുണ്ട്. 26 തവണയാണ് റയലിനോടൊപ്പം ബാഴ്‌സയെ ബെൻസിമ നേരിട്ടിരിക്കുന്നത്. മൂന്നു തവണ ലിയോണിനൊപ്പവും ബാഴ്‌സയെ ബെൻസിമ നേരിട്ടിരുന്നു. ചാമ്പ്യൻസ് ലീഗ് സെമിയിലും ഫൈനലിലും ബെൻസിമ റയലിനെ വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Comments are closed, but trackbacks and pingbacks are open.