പുതിയ പരിശീലകന് കീഴിൽ ബാഴ്സയുടെ ആദ്യ തോൽവി എത്തി. ല ലീഗെയിൽ വലൻസിയകെതിരെ ഇറങ്ങിയ ബാഴ്സ എതിരില്ലാത്ത 2 ഗോളുകൾക്കാണ് തോറ്റ് നാണം കെട്ടത്. ഇതോടെ ലീഗിൽ ബാഴ്സയുടെ ഒന്നാം സ്ഥാനത്തിനും ഭീഷണിയായി. അടുത്ത മത്സരത്തിൽ റയൽ മാഡ്രിഡ് ജയിച്ചാൽ അവർക്ക് 3 പോയിന്റ് ലീഡിൽ ഒന്നാം സ്ഥാനത്ത് എത്താനാകും. 34 പോയിന്റ് ഉള്ള വലൻസിയ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.
ആദ്യ പകുതിയിൽ വലൻസിയ ഒരു പെനാൽറ്റി നഷ്ടപ്പെടുത്തി വലിയ ഉപകാരം ചെയ്തിട്ടും അത് മുതലാകാനാകാതെ വന്നതാണ് മെസ്സിക്കും സംഘത്തിനും വിനയായത്. 12 ആം മിനുട്ടിൽ മാക്സി ഗോമസ് ആണ് വലൻസിയയുടെ പെനാൽറ്റി നഷ്ടപ്പെടുത്തിയത്. പിന്നീട് രണ്ടാം പകുതിയിൽ പക്ഷെ വലൻസിയ അൽപം ഭാഗ്യത്തിന്റെ പിൻബലത്തിൽ ലീഡ് നേടി. ജോർഡി ആൽബയുടെ സെൽഫ് ഗോളാണ് സ്കോർ 1-0 ആക്കിയത്. പിന്നീടും കാര്യമായ നീക്കങ്ങൾ നടത്താനാകാതെ വന്ന ബാഴ്സലോണയെ 78 ആം മിനുട്ടിൽ മാക്സി ഗോമസ് ശിക്ഷിച്ചു. ഇത്തവണ പെനാൽറ്റി നഷ്ടപ്പെടുത്തിയ ക്ഷീണം ഗോളിലൂടെ തീർത്ത താരം ബാഴ്സ വല കുലുക്കിയതോടെ ബാഴ്സയുടെ തോൽവി ഉറപ്പായി.