ആരാധകനെ അധിക്ഷേപിച്ച ബെൻ സ്റ്റോക്സിന് പിഴ

ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിവസം ഔട്ട് ആയി പുറത്തുപോവുമ്പോൾ ആരാധകനെതിരെ മോശം വാക്കുകൾ ഉപയോഗിച്ച ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിന് പിഴ. മാച്ച് ഫീയുടെ 15% ശതമാനമാണ് പിഴയായി ഐ.സി.സി വിധിച്ചിരുക്കുന്നത്. അതെ സമയം താരത്തിന് ഐ.സി.സി മത്സരത്തിൽ നിന്ന് വിലക്കേർപ്പെടുത്തത് ഇംഗ്ലണ്ടിന് ആശ്വാസമാണ്. താരം ആരാധകനെതിരെ പറഞ്ഞ മോശം വാക്കുകൾ ടെലിവിഷനിൽ ആരാധകർ കാണുകയും ചെയ്തിരുന്നു.

പിഴയെ കൂടാതെ ഒരു ഡിമെരിറ്റ് പോയിന്റും താരത്തിന് നൽകിയിട്ടുണ്ട്. ഐ.സി.സിയുടെ പെരുമാറ്റ ചട്ടത്തിലെ ലെവൽ 1 നിയമം തെറ്റിച്ചതിനാണ് താരത്തിന് പിഴ ഈടാക്കിയത്. കഴിഞ്ഞ ദിവസം ഔട്ട് ആയി പുറത്തുപോയപ്പോൾ ആരാധകനോട് മോശം വാക്ക് ഉപയോഗിച്ചതിന് താരം സോഷ്യൽ മീഡിയയിൽ കൂടി മാപ്പ് പറയുകയും ചെയ്തിരുന്നു.