സമീപ കാലത്ത് ബാലികേറാമലയായ ഗെറ്റാഫെയുടെ തട്ടകത്തിൽ സമനിലയോടെ പുതിയ സീസണിന് ആരംഭം കുറിച്ച് ബാഴ്‌സലോണ. കൊളിസിയം സ്റ്റേഡിയത്തിൽ കഴിഞ്ഞ നിരവധി മത്സരങ്ങൾ ഗോൾ നേടാൻ സാധിക്കാതെ ഇരുന്ന ബാഴ്‌സക്ക് ഇന്നും മാറ്റമൊന്നും കൊണ്ടു വരാൻ ആയില്ല. ഗോൾ രഹിതമായ മത്സരത്തിൽ ബാഴ്‌സ കോച്ച് സാവിക്ക് അടക്കം മൂന്ന് തവണ റഫറി റെഡ് കാർഡ് പുറത്തെടുത്തു.
രണ്ടാം മിനിറ്റിൽ തന്നെ ബാഴ്‌സലോണ ഗുണ്ടോഗനിലൂടെ ഗോൾ നേടുന്നതിന് തൊട്ടടുത്തെത്തി. എന്നാൽ തുടർന്നുള്ള ആദ്യ പകുതി സാവിക്കും സംഘത്തിനും ഒട്ടും എളുപ്പമല്ലായിരുന്നു. ഗെറ്റാഫെയുടെ ഫിസിക്കൽ ഗെയിമിന് മുന്നിൽ ബാഴ്‌സ പലപ്പോഴും പതറി. റാഫിഞ്ഞയുടെ ഫ്രീകിക്ക് കീപ്പർ തട്ടിയകറ്റി. താരത്തിന് ലഭിച്ച മറ്റൊരു മികച്ച അവസരം സോറിയ കൈക്കലാക്കി. ഇടവേളക്ക് മുൻപായി എതിർ താരത്തിനെ ഫൗൾ ചെയ്തതിന് റാഫിഞ്ഞക്ക് നേരെ റഫറി റെഡ് കാർഡ് വീശി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ സാവി അബ്‌ദെയെ കളത്തിൽ ഇറക്കി. പെഡ്രി നൽകിയ പാസിൽ താരത്തിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. അരോഹോയെ ഫൗൾ ചെയ്തതിന് ഗെറ്റഫെ താരം മാറ്റ റെഡ് കാർഡ് കണ്ടു പുറത്തു പോയതോടെ ആളെണ്ണം വീണ്ടും തുല്യമായി. അരോഹോയുടെ ഹെഡർ ഗാസ്റ്റോൺ അൽവാരസ്, ഗോൾ ലൈനിന് തൊട്ടു മുൻപിൽ വെച്ചു ക്ലിയർ ചെയ്തു. ആബ്ദെയെ എതിർ താരം വീഴ്ത്തിയതിൽ ഫൗൾ വിളിക്കാതിരുന്ന തീരുമാനത്തിൽ പ്രതിഷേധിച്ചതിന് സാവിക്ക് നേരെയും റഫറി റെഡ് കാർഡ് വീശി. ലമീൻ, ഫാറ്റി തുടങ്ങിയവരും കളത്തിൽ എത്തിയെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. ഇഞ്ചുറി ടൈമിൽ കൗണ്ടർ അറ്റാക്കിൽ നിന്നും ഗെറ്റഫെക്ക് ലഭിച്ച അവസരം ലോസനൊക്ക് മുതലെടുക്കാൻ ആയില്ല. അവസാന നിമിഷം ലഭിച്ച കോർണറിൽ താരത്തിന്റെ ഹെഡറും ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി.