മെസ്സി ഇല്ലാ യുഗം വിജയത്തോടെ ആരംഭിച്ച് ബാഴ്സലോണ!!

20210816 011006

ലയണൽ മെസ്സി ക്ലബ് വിട്ട ശേഷമുള്ള ആദ്യ മത്സരത്തിൽ ബാഴ്സലോണക്ക് വൻ വിജയം. ഇന്ന് ക്യാമ്പ്നുവിൽ ലാലിഗയിലെ ആദ്യ മത്സരത്തിൽ റയൽ സോസിഡാഡിനെ നേരിട്ട ബാഴ്സലോണ രണ്ടിനെതിരെ നാലു ഗോളുകളുടെ വലിയ വിജയം ആണ് നേടിയത്. സ്ട്രൈക്കർ ബ്രെത്വൈറ്റ് ഇരട്ട ഗോളുകളുമായി ബാഴ്സലോണയുടെ ഇന്നത്തെ താരമായി. രണ്ട് ഗോളുകളിൽ പ്രധാന പങ്കുവഹിച്ചു കൊണ്ട് പുതിയ സൈനിംഗ് ഡിപായും ഇന്ന് കളം നിറഞ്ഞു കളിച്ചു.

ഇന്ന് സ്വന്തം ആരാധകർക്ക് മുന്നിൽ തുടക്കം മുതൽ ആധിപത്യം പുലർത്തുന്ന പ്രകടനമാണ് ബാഴ്സലോണ കാഴ്ചവെച്ചത്. മത്സരത്തിന്റെ 19ആം മിനുട്ടിലാണ് ബാഴ്സലോണ ആദ്യ ഗോൾ നേടിയത്. മെംഫിസ് ഡിപായ് എടുത്ത ഫ്രീകിക്ക് മനോഹരമായ ഹെഡറിലൂടെ ജെറാദ് പികെ വലയിൽ എത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബാഴ്സലോണ ലീഡ് ഇരട്ടിയാക്കി. ഇത്തവണ ഡിയോങ് വലതു വിങ്ങിൽ നിന്ന് കൊടുത്ത ക്രോസ് ബ്രെത് വൈറ്റ് ഫാർ പോസ്റ്റിൽ നിന്ന് ഹെഡ് ചെയ്ത് വലയിൽ എത്തിക്കുക ആയിരുന്നു.

രണ്ടാം പകുതിയിൽ ബ്രെത് വൈറ്റ് തന്നെ ബാഴ്സലോണയുടെ മൂന്നാം ഗോളും നേടി. ഇത്തവണ ഇടതു വിങ്ങിൽ ഡിപായും ആൽബയും നടത്തിയ നീക്കത്തിന് ഒടുവിലായിരുന്നു ബ്രെത്വൈറ്റിന്റെ ഫിനിഷ്. 81ആം മിനുട്ടിൽ ജുലെൻ ലൊബെടോയിലൂടെ ഒരു ഗോൾ മടക്കാൻ സോസിഡാഡിന് ആയി. അത് ബാഴ്സലോണ ഡിഫൻസിനെ സമ്മർദ്ദത്തിലാക്കി. 85ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് ഒയർസബാൾ ലക്ഷ്യത്തിൽ എത്തിച്ചതോടെ സ്കോർ 3-2 എന്നായി. അവസാന നിമിഷങ്ങളിൽ ബാഴ്സലോണ പതറി എങ്കിലും വിജയം ഉറപ്പിക്കാൻ ബാഴ്സക്കായി. 91ആം മിനുട്ടിൽ ബ്രെത് വൈറ്റിന്റെ ക്രോസിൽ നിന്ന് ഒരു ടാപിന്നിലൂടെ സെർജി റൊബേർടോ ബാഴ്സലോണയുടെ വിജയം ഉറപ്പിച്ച നാലാം ഗോൾ നേടി.

Previous articleലാലിഗ ചാമ്പ്യന്മാർക്ക് വിജയ തുടക്കം
Next articleഅവിശ്വസനീയ വിജയം, പാക് പ്രതീക്ഷകളെ തകര്‍ത്ത് ഒരു വിക്കറ്റ് വിജയം നേടി വെസ്റ്റിന്‍ഡീസ്