പോയിന്റ് പട്ടികയിൽ ലീഡ് വർധിപ്പിക്കാനുള്ള ബാഴ്‍സയുടെ മോഹങ്ങൾക്ക് തിരിച്ചടി നൽകി കൊണ്ട് റയോ വയ്യക്കാനോക്ക് വിജയം. ഇതോടെ കഴിഞ്ഞ ദിവസത്തെ റയലിന്റെ തോൽവി ബാഴ്‌സക്ക് മുതലെടുക്കാൻ ആയില്ല. സ്വന്തം തട്ടകത്തിൽ ആൽവാറോ, ഫ്രാൻ ഗർഷ്യ എന്നിവരാണ് ജേതാക്കൾക്ക് വേണ്ടി വല കുലുക്കിയത്. ലെവെന്റോവ്സ്കി ബാഴ്‌സക്കായി ഗോൾ നേടി. സീസണിലെ മൂന്നാം തോൽവി നേരിട്ട സാവിയുടെ ടീം ഒന്നാം സ്ഥാനത്ത് 11 പോയിന്റ് ലീഡിൽ തന്നെ തുടരുകയാണ്.
സമീപകാലത്ത് എപ്പോഴും തലവേദന തീർക്കാറുള്ള എതിരാളികൾക്കെതിരെ ഒട്ടും മികച്ച തുടക്കം ആയിരുന്നില്ല ബാഴ്‌സയുടേത്. ഇരു ടീമുകളും എതിർ പ്രതിരോധം ബേധിക്കാൻ ബുദ്ധിമുട്ടിയ ആദ്യ മിനിട്ടുകൾക്ക് ശേഷം റയോയുടെ മുന്നേറ്റത്തിൽ ആണ് മത്സരത്തിലെ ആദ്യ ഗോൾ ശ്രമം വന്നത്. റാഞ്ചിയെടുത്ത ബോളുമായി മുന്നേറി കമേയ്യോ തൊടുത്ത ഷോട്ട് റ്റെർ സ്റ്റഗൻ തടുത്തു. എന്നാൽ തൊട്ടു പിറകെ 19ആം മിനിറ്റിൽ റയോ വയ്യക്കാനോ തന്നെ മത്സരത്തിൽ ലീഡ് എടുത്തു. കമേയ്യോ നൽകിയ പാസിൽ ബോക്സിനുള്ളിൽ നിന്നും അൽവരോ ഗർഷ്യ ആണ് ഗോൾ കണ്ടെത്തിയത്. പിന്നീട് ഗോൾ മടക്കാനുള്ള ബാഴ്‌സയുടെ ശ്രമങ്ങൾ മിക്കതും കോർണറിൽ അവസാനിച്ചു. കൗണ്ടർ നീകസത്തിലൂടെ എത്തിയ ബോൾ റാഫിഞ്ഞയിലൂടെ ലെവെന്റോവ്സ്കിയിൽ എത്തിയെങ്കിലും ബോക്സിനുള്ളിൽ റയോ കീപ്പർ ദിമിത്രിയെവ്സ്കിയുടെ ഇടപെടൽ ആതിഥേയരുടെ രക്ഷക്കെത്തി. മറ്റൊരു നീക്കത്തിൽ പെഡ്രിയുടെ പാസിൽ ലെവെന്റോവ്സ്കി ഗോൾ നേടിയെങ്കിലും ഓഫ് സൈഡ് വിധിച്ചു.
രണ്ടാം പകുതിയിലും കാര്യങ്ങൾക്ക് മാറ്റമുണ്ടായില്ല. റയോ തന്നെ മികച്ച നീക്കങ്ങൾ മേനഞ്ഞെടുത്തു. പന്ത് കൈവശം വെക്കാൻ ആയെങ്കിലും മുൻനിര അമ്പേ പരാജയമായത് ബാഴ്‌സക്ക് തിരിച്ചടി ആയി. 53ആം മിനിറ്റിൽ തന്നെ റയോ ലീഡ് ഇരട്ടിയാക്കി. മധ്യ നിരയിൽ ക്ലിയർ ചെയ്യുന്നതിൽ ഡി യോങ്ങിന് പിഴച്ചപ്പോൾ പന്ത് റാഞ്ചിയ ഫ്രാൻ ഗർഷ്യ ബോക്സിലേക്ക് കുതിച്ച് കീപ്പറേ മറികടക്കുകയായിരുന്നു. 83ആം മിനിറ്റിൽ ബാഴ്‌സയുടെ ആശ്വാസ ഗോൾ എത്തി. ഫ്രാങ്ക് കെസ്സിയുടെ ശ്രമം എതിർ പ്രതിരോധം തടഞ്ഞപ്പോൾ കുത്തിയുയർന്ന പന്തിൽ മികച്ചൊരു ഷോട്ട് ഉതിർത്ത് ലെവെന്റോവ്സ്കി ഗോൾ നേടുകയായിരുന്നു. ഇഞ്ചുറി ടൈമിൽ റയോ താരം ഇസിയുടെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി.