അമേരിക്കൻ പര്യടനത്തിന് ആരംഭം; ഇന്റർ മയാമിക്കെതിരെ ബാഴ്‌സലോണ

പ്രീ സീസൺ ഒരുക്കങ്ങൾക്കായി അമേരിക്കയിൽ എത്തിയ എഫ്സി ബാഴ്‌സലോണ തങ്ങളുടെ ആദ്യ മത്സരത്തിന് നാളെ ഇറങ്ങും. ഇന്റർ മയാമിയാണ് ബാഴ്‌സയുടെ എതിരാളികൾ. ഇന്ത്യൻ സമയം പുലർച്ചെ അഞ്ച് മണിക്ക് മത്സരം ആരംഭിക്കും. മയാമിയുടെ ഹോം സ്റ്റേഡിയം ആയ ഡ്രൈവ് പിങ്ക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

ഈ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണ ടീമിൽ എത്തിയ താരങ്ങൾ തന്നെയാകും നാളത്തെ പ്രധാന ആകർഷണം. ക്രിസ്റ്റൻസൺ, ഫ്രാങ്ക് കെസ്സി, റാഫിഞ്ഞ എന്നിവർ ബാഴ്‌സക്ക് വേണ്ടി ഇറങ്ങും.സ്പെയിനിൽ വെച്ചു നടന്ന ടീമിന്റെ ആദ്യ പരിശീലന മത്സരത്തിൽ നിന്നും വിട്ടു നിന്നിരുന്ന താരങ്ങൾ എല്ലാം തിരിച്ചെത്തും. പുതുതായി ടീമിൽ എത്തിയ ലെവെന്റോവ്സ്കി ഇറങ്ങിയേക്കില്ല. റയലിനെതിരേയുള്ള അടുത്ത മത്സരത്തിൽ താരത്തെ ബാഴ്‌സ ജേഴ്‌സിയിൽ കാണാനാവും. പരിക്ക് പിടികൂടിയിരുന്ന ഫെറാൻ ടോറസിന്റെ സാന്നിധ്യവും ഉറപ്പില്ല. കഴിഞ്ഞ സീസൺ പരിക്കോടെ അവസാനിപ്പിച്ച പെഡ്രി, ഫാറ്റി തുടങ്ങിയവർക്ക് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആർധകർക്ക് മുന്നിൽ പന്തുതട്ടാൻ ആവും.
20220719 223903
അവസാന ലീഗ് മത്സരത്തിൽ മികച്ച തിരിച്ചു വരവ് നടത്തി വിജയം കരസ്ഥമാക്കിയ ശേഷമാണ് ഇന്റർ മയാമി ബാഴ്‌സയെ നേരിടാൻ വേണ്ടി ഇറങ്ങുന്നത്. വെറുമൊരു പരിശീലന മത്സരം ആയി ഇതിനെ കാണുന്നില്ലെന്ന് കോച്ച് ഫിൽ നേവില്ലേ പ്രഖ്യാപിച്ചു കഴിഞ്ഞു. ഗോൺസാലോ ഹിഗ്വായിനേയും ഇന്റർ മയാമി ജേഴ്‌സിയിൽ കാണാൻ കഴിയും.

സാവിക്ക് അമേരിക്കയിലേക്ക് എത്താൻ സാധിക്കാത്തതിനാൽ ടീമിന്റെ പരിശീലന ചുമതലയുള്ള സാവിയുടെ സഹോദരൻ കൂടിയായ ഓസ്കാർ ഹെർണാണ്ടസ് ആവും നാളെ ടീമിനെ ഒരുക്കുക.