നെഗ്രിര കേസ്: ബാഴ്സയെ പ്രതിരോധിച്ച്, റയലിനെയും തെബാസിനെയും കടന്നാക്രമിച്ച്, വിശദീകരണങ്ങളുമായി ലപോർടയുടെ വാർത്താ സമ്മേളനം

Nihal Basheer

20230417 213552
Download the Fanport app now!
Appstore Badge
Google Play Badge 1

നെഗ്രിര കേസിൽ ബാഴ്സയുടെ നിരപരാധിത്വത്തെ പ്രതിരോധിച്ചു കൊണ്ട് ടീം പ്രസിഡന്റ് ലപോർടയുടെ വാർത്താ സമ്മളനം. കേസിനെ വിശദമായി വിശകലനം ചെയ്ത അദ്ദേഹം, കഴിഞ്ഞ വർഷങ്ങളിലെ റഫറിയിങ് റിപ്പോർട്ടുകളും വിഡിയോ തെളിവുകളും അടക്കം മാധ്യമ പ്രവർത്തകർക്ക് മുന്നിൽ അവതരിപ്പിച്ചു. റ്റെബാസ്, റയൽ മാഡ്രിഡ്, യുവേഫ പ്രസിഡന്റ് കഫെരിൻ എന്നിവർക്കെതിരെയും വാർത്താ സമ്മേളനത്തിൽ ലപോർട സംസാരിച്ചു. ബാഴ്‌സക്കെതിരെ ഇത്തരമൊരു ആക്രമണം ആദ്യമായിട്ടാണെന്നും ക്ലബ്ബിനെ പ്രതിരോധിക്കാൻ ഓരോ ആരാധകനും മുന്നോട്ടു വരണമെന്നും ലപോർട ഓർമിപ്പിച്ചു. വ്യാജ വാർത്തകൾ പരത്തുന്ന മീഡിയകളും കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇതിന് പിറകിൽ പ്രവർത്തിച്ചവർക്ക് എതിരെ കോടതി കയറുമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

20230417 213532

ആദ്യ അരമണിക്കൂറോളം നീണ്ട വിശദീകരണത്തിന് ശേഷമാണ് ലപോർട ചോദ്യോത്തര വേളയിലേക്ക് കടന്നത്. ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അക്രമണങ്ങളിൽ ഒന്നാണ് ഇപ്പൊ നേരിട്ടു കൊണ്ടിരിക്കുന്നത് എന്നു പറഞ്ഞാണ് അദ്ദേഹം വിശേദീകരണം ആരംഭിച്ചത്. മീഡിയയും ഈ അജണ്ടകൾക്ക് ഒപ്പം സഞ്ചരിച്ചു. കേസുമായി ബന്ധപ്പെട്ട് ഒരു ബാഹ്യ സംഘടന എല്ലാ ഡോകുമെണ്ടുകളും പരിശോധിച്ചു എന്നും നിലവിൽ കഴിഞ്ഞ പ്രസിഡന്റുമാരുടെ കാലത്തെ രേഖകൾ അടക്കം തന്റെ കയ്യിൽ ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതുവരെ ലഭിച്ച 629 റിപ്പോർട്ടുകളും 43 വിഡിയോകളും അടക്കമുള്ള തെളിവുകൾ അദ്ദേഹം പത്രപ്രവർത്തകൾക്ക് മുന്നിൽ കാണിച്ചു. ഇതിന് വേണ്ടിയുള്ള ചെലവുകൾ എല്ലാം ടീമിന്റെ കണക്ക് പുസ്തകത്തിൽ ഭദ്രമാണെന്നും ഇതെല്ലാം കോടതിക്ക് മുൻപാകെ സമർപ്പിക്കാനാണ് തീരുമാനം എന്നും ലപോർട പറഞ്ഞു. കൃത്യമായ കണക്കുകൾ ഉള്ളിടത് കായിക അഴിമതിയുടെ ചോദ്യം ഉയരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നെഗ്രിരയുടെ മകന്റെ സേവനം കൂടിയാണ് ബാഴ്‌സ ഈ കാലയളവിൽ ഉപയോഗിച്ചത് എന്ന് സൂചിപ്പിച്ച അദ്ദേഹം സ്പാനിഷ് ഫെഡറേഷന് വേണ്ടിയും, മറ്റ് ക്ലബ്ബുകൾക്ക് വേണ്ടിയും സാക്ഷാൽ ലൂയിസ് അരഗോണസിന് വേണ്ടിയും ടിയാൻ പ്രവർത്തിച്ചിട്ടുണ്ട് എന്നും വെളിപ്പെടുത്തി. ഏഴു മില്യൺ യൂറോയുടെ സേവനം എന്നത് ഊതിവീർപ്പിച്ച കണക്ക് ആന്നെന്നും ഈ തുക നീണ്ട 18 വർഷം കൊണ്ട് കൊടുത്ത കണക്ക് ആന്നെന്നും ലപോർട ഓർമ്മിപ്പിച്ചു. മാത്രവുമല്ല ഈ കാലയളവിൽ നെഗ്രിരക്ക് റഫറിമാരെ സ്വാധീനിക്കാൻ ഉള്ള അധികാരം സ്പാനിഷ് ഫെഡറേഷന്റെ റൂൾബുക്കിലെ ആർട്ടിക്കിൽ 20 പ്രകാരം ഉണ്ടായിരുന്നില്ല എന്നദ്ദേഹം പറഞ്ഞു.

റയൽ മാഡ്രിഡിനെതിരെ തിരിഞ്ഞ ലപോർട, കേസിൽ ബാഴ്‌സക്കെതിരെ നടപടി സ്വീകരിക്കാൻ ഉള്ള അവരുടെ തീരുമാനത്തെ അപലപിച്ചു. വ്യക്തമായ വിധി വരുന്നതിന് മുന്നേ എടുത്ത തീരുമാനം ദൃതി പിടിച്ചത് ആയിരുന്നു എന്നു അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എഴുപതോളം വർഷങ്ങൾ ആയി റയൽ മാഡ്രിഡ് അംഗങ്ങളോ, മുൻ അംഗങ്ങളോ ആണ് റഫറിയിങ് കമ്മിറ്റി എക്സിക്യൂട്ടീവുകൾ ആയി വരുന്നത് എന്ന് ലപോർട ഓർമിപ്പിച്ചു. കഴിഞ്ഞ കാലങ്ങളിലും ഇപ്പോഴും റഫറിമാരുടെ ആനുകൂല്യം ഏറ്റവും കൂടുതൽ ലഭിക്കുന്നത് മാഡ്രിഡിന് തന്നെ ആണെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെ ഇരു ടീമുകളും തമ്മിലുള്ള ബന്ധം വളരെ മോശമായെന്നും അദ്ദേഹം അംഗീകരിച്ചു. അതേ സമയം മാഡ്രിഡ് പ്രസിഡന്റ് പേരെസിനെതിരെ ലപോർട സംസാരിച്ചില്ല. പെരെസ് മാഡ്രിഡിൽ കടുത്ത സമ്മർദത്തിൽ ആണെന്നും ഈ തീരുമാനങ്ങൾ എല്ലാം അതിന്റെ ഭാഗമായി വന്നതാണെന്നും ലപോർട പറഞ്ഞു. എന്നാൽ സൂപ്പർ ലീഗ് നീക്കത്തെ ഇപോഴത്തെ സംഭവവികാസങ്ങൾ ഒരുതരത്തിലും ബാധിക്കില്ല എന്നും ലപോർട വെളിപ്പെടുത്തി.

ലാ ലീഗ പ്രസിഡന്റ് ഹാവിയർ ടെബാസിനെ നിശിതമായി വിമർശിച്ച ലപോർട, അദ്ദേഹം സ്വന്തത്തെ അല്ല ലാ ലീഗയെ ആണ് പ്രതിനിധികരിക്കുന്നത് എന്നു മനസിലാക്കണമെന്ന് ഓർമിപ്പിച്ചു. റ്റെബാസിന്റെ തുടർച്ചയായ വ്യാജ വാർത്തകൾ അലോസരം സൃഷ്ടിക്കുന്നുണ്ടെന്ന് ലപോർട പറഞ്ഞു. അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും ദുഷ്‌ലാക്കോടെ ഉള്ളതാണെന്നും ഇത് തികച്ചും പ്രൊഫഷണലിസത്തിന് എതിരാണെന്നും ലപോർട തുറന്നടിച്ചു. എന്നാൽ ടെബാസിനെ അറിയുന്നതിനാൽ ഈ നീക്കങ്ങളിൽ അത്ഭുതമില്ലേന്നും ലപോർട കൂട്ടിച്ചേർത്തു.

കേസിന്റെ ബാധമായി യുവേഫയുമായി തങ്ങൾ തുടർച്ചയായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ലപോർട അറിയിച്ചു. എല്ലാം വ്യാജവർത്തകൾ മാത്രമാണെന്ന് അറിയിച്ചു. എന്നാൽ കഫെരിൻ ഈ കേസിൽ നടത്തിയ നീക്കങ്ങളെ ലപോർട അപലപിച്ചു. ഇൻഫാന്റിനോ അടക്കം ഫിഫയിലേയും മറ്റും ഉയർന്ന ഒഫിഷ്യലുകൾ വ്യക്തമായ വിധിയുടെ അഭാവത്തിൽ കേസിൽ അഭിപ്രായം പറയാതെ ഒഴിഞ്ഞു മാറിയതിനെ ലപോർട അഭിനന്ദിച്ചു. വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും മാനനഷ്ടത്തിനും ആയി ഇരുപതോളം കേസുകൾ ഇതുവരെ തങ്ങൾ കൊടുത്തിട്ടുണ്ടെന്ന് ലപൊർട അറിയിച്ചു. ഇനിയും ഇതിന്റെ പിറകിൽ പ്രവർത്തിച്ചവർക്കെതിരെ കോടതി കയറുമെന്ന് അദ്ദേഹം പറഞ്ഞു. ഉയർന്ന മാനനഷ്ടത്തിന് തന്നെയാണ് തങ്ങൾ പോവുക എന്നും അദ്ദേഹം സൂചിപ്പിച്ചു. ടീമിന്റെ തിരഞ്ഞെടുത്ത പ്രസിഡന്റ് ആയ താൻ, ബാഴ്‌സയെ പ്രതിരോധിക്കാൻ ഇനിയും മുൻപിൽ തന്നെ ഉണ്ടാവും എന്നും ലപോർട പറഞ്ഞു. ബാഴ്‌സ സാമ്പത്തിക പരമായി ശക്തി വീണ്ടെടുക്കുന്ന, വീണ്ടും കിരീടങ്ങൾ നേടുന്ന, സൂപ്പർ കപ്പിന് വേണ്ടി നിലകൊളുന്ന അവസരത്തിൽ ഉയർന്നു വന്ന ഈ കേസിന് പിറകിൽ ആരൊക്കെ ആണെന്ന് അധികം ചികയേണ്ട ആവശ്യമില്ല എന്നും ലപോർട ഓർമിപ്പിച്ചു.