ലാലിഗയിൽ 26ആം വട്ടവും കിരീടം ഉയർത്താനായി ബാഴ്സലോണ ഇന്ന് ഇറങ്ങും. ഇന്ന് ക്യാമ്പ്നൂവിൽ ലെവന്റയെ നേരിടുന്ന ബാഴ്സലോണയ്ക്ക് ഇന്ന് തന്നെ കിരീടം സ്വന്തമാക്കണം എന്ന വാശിയുണ്ട്. വെറും ഒരു വിജയം മാത്രമേ ബാഴ്സലോണക്ക് ലാലിഗ കിരീടം ഉറപ്പിക്കാൻ വേണ്ടതുള്ളൂ. ലീഗ് ഉറപ്പിച്ചതിനു ശേഷം ചാമ്പ്യൻസ് ലീഗിൽ കൂടുതൽ ശ്രദ്ധ കൊടുക്കാം എന്നതാണ് ബാഴ്സലോണ കിരീട നേട്ടം വേഗത്തിലാക്കാൻ ശ്രമിക്കുന്നതിന് കാരണം. മൂന്ന് ദിവസങ്ങൾക്ക് അപ്പുറം ചാമ്പ്യൻസ് ലീഗ് സെമിയിൽ ലിവർപൂളിനെ ബാഴ്സലോണക്ക് നേരിടാൻ ഉണ്ട്.
ഇപ്പോൾ ലാലിഗയിൽ 34 മത്സരങ്ങളിൽ നിന്ന് 80 പോയന്റാണ് ബാഴ്സലോണക്ക് ഉള്ളത്. അത്ലറ്റിക്കോ മാഡ്രിഡിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 71 പോയന്റും. ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും അത്ലറ്റിക്കോ മാഡ്രിഡിന് 83 പോയിന്റ് മാത്രമേ നേടാനാകു. ഇന്ന് ബാഴ്സലോണ ജയിച്ചാൽ തന്നെ ഈ 83 എന്ന അക്കത്തിൽ ബാഴ്സലോണക്ക് എത്താം. ഹെഡ് ടു ഹെഡ് മികവ് ഉള്ളത് കൊണ്ട് 83 മതി ബാഴ്സലോണക്ക് കിരീടം നേടാൻ.
26ആം ലാലിഗ കിരീടം നേടുന്നതോടെ ബാഴ്സലോണ റയൽ മാഡ്രിഡിന്റെ കിരീട നേട്ടത്തോട് കൂടുതൽ അടുക്കുകയാണ്. 33 കിരീടങ്ങളാണ് റയൽ മാഡ്രിഡിനുള്ളത്. അവസാന 10 വർഷങ്ങൾക്ക് ഇടയിൽ ബാഴ്സലോണയുടെ ഏഴാം ലീഗ് കിരീടം കൂടിയാകും ഇത്. മെസ്സിയുടെ പത്താം ലാലിഗ കിരീടം കൂടിയാകും ഇത്. ഫ്രാൻസിസ്കോ ജെന്റൊയുടെ 12 ലാലിഗ കിരീടം എന്ന റെക്കോർഡിലേക്ക് മെസ്സിയും അടുക്കും ഇന്ന് കിരീടം നേടിയാൽ.