ബാഴ്സലോണയെ മുന്നോട്ട് നയിക്കാൻ ഹിരാൽഡെസ് ഉണ്ടാകും

ഹിരാൽഡെസിന് ബാഴ്‌സലോണ വനിതാ ടീമിൽ പുതിയ കരാർ

സീസണിൽ ബാഴ്സലോണ വനിതാ ടീമിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച കോച്ച് ജോണതാൻ ഹിരാൾഡെസിന്റെ കരാർ രണ്ടു വർഷത്തേക്ക് കൂടി പുതുക്കി നൽകി ബാഴ്‌സലോണ. ഒരു മത്സരം പോലും തോൽക്കാതെ ലീഗ് നേടിയ ടീമിന് കോപ്പ ഡെ ലാ റെയ്ന, സൂപ്പർ കപ്പ് എന്നിവയും ഹിരാൾഡെസിന്റെ കീഴിൽ നേടാൻ ആയിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിയോണോട് തോൽവി ഏറ്റു വാങ്ങേണ്ടി വന്നെങ്കിലും സീസൺ മുഴുവൻ ടീം തുടർന്ന അപാരമായ ഫോം കോച്ചിന് പുതിയ കരാർ നൽകാൻ മാനേജ്‌മെന്റിന് പ്രേരണയേകി.

മുൻ മാനേജർ ലൂയിസ് കോർട്ടസിന്റെ കീഴിൽ വനിതാ ടീമിന്റെ അസിസ്റ്റന്റ് കോച്ച് ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് മുഖ്യ പരിശീലകനായി ചുമതലയേറ്റത്. സീസണിലെ ആകെ 47 മത്സരങ്ങളിൽ 45ലും വിജയ്ക്കാനും 221 ഗോളുകൾ സ്‌കോർ ചെയ്യാനും ബാഴ്സലോണക്ക് ആയിരുന്നു. ആകെ 23 ഗോളുകൾ മാത്രമാണ് ബാഴ്സലോണ വഴങ്ങിയത്.

പുതിയ കരാർ പ്രകാരം 2024 ജൂൺ 30 വരെ മാനേജർ ആയി തുടരാൻ ഹിരാൾഡെസിനാവും.
ഓരോ ദിവസവും ഓരോ പുതിയ അധ്യായം ആണെന്നും താൻ വ്യക്തിപരമായും വളർന്നു കൊണ്ടിരിക്കുകയാണെന്നും കരാർ പുതുക്കി കൊണ്ട് സംസാരിച്ച അദ്ദേഹം പറഞ്ഞു.ടീമിന്റെ മറ്റ് കോച്ചിങ് സ്റ്റാഫുകൾക്കും കരാർ പുതുക്കി നൽകിയിട്ടുണ്ട്