എതിരില്ലാത്ത നാല് ഗോളുകൾക്ക് എൽഷേയെ തകർത്ത് ബാഴ്സലോണ ലാ ലീഗയിലെ കുതിപ്പ് തുടരുന്നു. എൽഷെയുടെ തട്ടകത്തിൽ ലെവെന്റോവ്സ്കി, ഫാറ്റി, ഫെറാൻ ടോറസ് എന്നിവർ വല കുലുക്കി. ഇതോടെ ഒന്നാം സ്ഥാനത്ത് ലീഡ് 15 പോയിന്റ് ആക്കി ഉയർത്താൻ ബാഴ്‌സക്കായി. ഇതോടെ റയലിന് നാളെ വല്ലഡോലിഡിനെതിരെയുള്ള മത്സരം നിർണായകമായി.
സ്വന്തം തട്ടത്തിൽ പ്രതിരോധത്തിൽ ഊന്നി കളിക്കാൻ ആയിരുന്നു എൽഷെയുടെ നീക്കം. പെഡ്രി, റാഫിഞ്ഞ, ഫ്രാങ്കി തുടങ്ങി പ്രമുഖ താരങ്ങൾ ഇല്ലാതെ ഇറങ്ങിയ ബാഴ്‌സലോണക്ക് കൃത്യമായ അവസരങ്ങൾ ഒരുക്കിയെടുക്കാൻ ആദ്യ നിമിഷങ്ങളിൽ സാധിച്ചില്ല. ഇരുപതാം മിനിറ്റിൽ ലെവെന്റോവ്സ്കിയിലൂടെ ബാഴ്‌സലോണ സമനില പൂട്ട് പൊട്ടിച്ചു. ആൽബയുടെ ഫ്രീകിക്കിൽ അരോഹോ ഹെഡ് ചെയ്തു നൽകിയ ബോൾ, എതിർ പ്രതിരോധത്തിന് ഇടയിലൂടെ ലെവെന്റോവ്സ്കി വലയിൽ എത്തിക്കുകയായിരുന്നു. ഇടക്ക് ബാഴ്‌സ ബോക്സിന് സമീപം എത്തിയ എൽഷേക്ക് പക്ഷെ ഒരിക്കലും റ്റെർ സ്റ്റഗനെ പരീക്ഷിക്കാൻ ആയില്ല. പിന്നീട് ഫെറാൻ ടോറസിന്റെ ക്രോസിൽ ലെവെന്റോവ്സ്കിക്ക് പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നും പിഴച്ചപ്പോൾ, ഗവിയുടെ ക്രോസിൽ ജൂൾസ് കുണ്ടെയുടെ ശ്രമം എൽഷേ താരം മാസ്കാരെൽ തടുത്തത് അവിശ്വസനീയമായി.
രണ്ടാം പകുതിയിൽ ബാഴ്‌സ കൂടുതൽ ഗോളുകൾ കണ്ടെത്തി. ആലോൻസോയുടെ ശക്തിയേറിയ ഷോട്ട് കീപ്പർ തടുത്തു. എൽഷേക്ക് കിട്ടിയ മികച്ച അവസരങ്ങളിൽ ഒന്നിൽ കാർമോണ ബോക്സിനുള്ളിലേക്ക് ഓടിയെത്തിയേങ്കിലും താരം പരിക്കേറ്റ് വീണു. 56ആം മിനിറ്റിൽ കൗണ്ടറിലൂടെ ഒറ്റക്ക് നടത്തിയ മുന്നേറ്റം ബോക്സിന് പുറത്തു നിന്നുള്ള ഷോട്ടിലൂടെ ഫാറ്റി ഫിനിഷ് ചെയ്തു. 66ആം മിനിറ്റിൽ ലെവെന്റോവ്സ്കി വീണ്ടും വല കുലുക്കി. ഗവി സമ്മർദ്ദം ചെലുത്തി നേടിയെടുത്ത ബോൾ താരം അനായാസം വലയിൽ എത്തിച്ചു. 70ആം മിനിറ്റിൽ ഫെറാൻ ടോറസ് പട്ടിക പൂർത്തിയാക്കി. ലെവെന്റോവ്സ്കിയുടെ മികച്ചൊരു ക്രോസ് നിയന്ത്രിച്ച്, എതിർ താരങ്ങളെ മറികടന്നാണ് താരം ഗോൾ നേടിയത്. പിന്നീട് യുവതാരങ്ങൾക്ക് അവസരം അനുവദിച്ച സാവി ബി ടീം താരം ഗാരിഡോക്ക് സീനിയർ ടീമിൽ അരങ്ങേറാനുള്ള അവസരവും നൽകി.