ഒസാസുനക്കെതിരായ ലാ ലീഗ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജയം കണ്ടെത്തി ബാഴ്‌സലോണ. അവസരങ്ങൾ ഒരുക്കുന്നതിൽ വളരെ അധികം പിറകോട്ടു പോയ സാവിയുടെ ടീം ഒസാസുനയുടെ വീര്യത്തിന് മുന്നിൽ പലപ്പോഴും വിറച്ചെങ്കിലും മൂന്ന് പോയിന്റ് കരസ്ഥമാക്കുകയായിരുന്നു. ജൂൾസ് കുണ്ടേ, ലെവെന്റോവ്സ്കി എന്നിവർ ജേതാക്കൾക്ക് വേണ്ടി വല കുലുക്കി. ചിമ്മി അവിയ്യ ഒസാസുനയുടെ ഗോൾ കണ്ടെത്തി. ജാവോ കാൻസലോ, ഫെലിക്‌സ്, ഇനിഗോ മാർട്ടിനസ് എന്നിവർ രണ്ടാം പകുതിയിൽ ബാഴ്‌സ ജേഴ്‌സിയിൽ അരങ്ങേറി. ഗവി ബാഴ്‌സ ജേഴ്സിയിൽ നൂറാം മത്സരം പൂർത്തുയാക്കി.
ആദ്യ മിനിറ്റിൽ തന്നെ ബാഴ്‌സ ഗോളിന് അടുത്തെത്തി. ഡി യോങ്ങിന്റെ ഷോട്ട് പോസ്റ്റിൽ കൊണ്ടു മടങ്ങിയപ്പോൾ റീബൗണ്ടിൽ ലെവെന്റോവ്സ്കിക്കും ലക്ഷ്യം കാണാൻ ആയില്ല. 32ആം മിനിറ്റിൽ ഓറോസിന്റെ ഗോൾ എന്ന് ഉറപ്പിച്ച ഷോട്ട് റ്റെർ സ്റ്റഗൻ സേവ് ചെയ്തു. ഇഞ്ചുറി ടൈമിൽ ജൂൾസ് കുണ്ടെയിലൂടെ ബാഴ്‌സ സമനില പൂട്ട് പൊട്ടിച്ചു. ഗുണ്ടോഗന്റെ കോർണറിൽ നിന്നുമാണ് താരം ഹെഡറിലൂടെ വല കുലുക്കിയത്. ഒസാസുനയുടെ ശക്തമായ പ്രതിരോധ തന്ത്രങ്ങൾക്ക് മുന്നിൽ അവസരം സൃഷ്ടിക്കാൻ ആവാതെ പലപ്പോഴും ബാഴ്‌സ അന്തിച്ചു നിന്നു.
രണ്ടാം പകുതിയിലും ബാഴ്‌സയുടെ നിക്കങ്ങൾക് മാറ്റം ഉണ്ടായില്ല. ലെവെന്റോവ്സ്കിയുടെ ക്രോസ് കീപ്പർ സേവ് ചെയ്തു. പകരക്കാരനായി ചിമ്മി അവിയ്യ എത്തിയതോടെ ഒസാസുന കൂടുതൽ അപകടകാരികൾ ആയി. തുടക്കത്തിൽ ചിമ്മിയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. 76ആം മിനിറ്റിൽ ചിമ്മി അവിയ്യാ ഗോൾ കണ്ടെത്തി. ബോക്സിന് പുറത്തു നിന്നും താരത്തിന്റെ തകർപ്പൻ ഷോട്ട് റ്റെർ സ്റ്റഗന് യാതൊരു അവസരവും നൽകാതെ വലയിൽ പതിച്ചു. 85ആം മിനിറ്റിൽ ബാഴ്‌സലോണ ലീഡ് തിരിച്ചു പിടിച്ചു. ലെവെന്റോവ്സ്കിയെ കാറ്റെന്യാ ബോസ്‌കിനുള്ളിൽ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. കാറ്റെന്യാക്ക് റെഡ് കാർഡും ലഭിച്ചു. കോർണറിൽ നിന്നും ഇകർ മുന്യോസിന് ലഭിച്ച അവസരം കുണ്ടേ മറ്റൊരു കോർണർ വഴങ്ങി രക്ഷപ്പെടുത്തി. ഒസാസുന തുടർച്ചയായി ക്രോസുകൾ ഉതിർത്തപ്പോൾ കുണ്ടേയുടെ ഇടപെടലുകൾ ആണ് ബാഴ്‌സക്ക് ആശ്വാസമായത്. അവസാന മിനിറ്റുകളിൽ റാഫിഞ്ഞക്കും അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാൻ ആയില്ല.