അവസാന മിനിറ്റുകളിൽ നേടിയ ഗോളുകളുടെ പിൻബലത്തിൽ വില്ലറയലിനെതിരെ ജയവുമായി ബാഴ്‌സലോണ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സലോണ ജയം സ്വന്തമാക്കിയത്. 88ആം മിനിറ്റ് വരെ മത്സരം 1-1 എന്ന നിലയിലായിരുന്നു. എന്നാൽ വില്ലറയൽ പിഴവ് മുതലെടുത്ത് മെംഫിസ് ഡിപേ ആണ് ബാഴ്‌സലോണക്ക് ലീഡ് നേടിക്കൊടുത്തത്. അധികം താമസിയാതെ ഇഞ്ചുറി ടൈമിൽ കൗട്ടീഞ്ഞോയുടെ പെനാൽറ്റിയിലൂടെ ബാഴ്‌സലോണ മൂന്നാമത്തെ ഗോളും നേടി ജയം ഉറപ്പിക്കുകയായിരുന്നു.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബാഴ്‌സലോണ ആദ്യ ഗോൾ നേടിയത്. ഡിയോങ് ആണ് ബാഴ്‌സലോണക്ക് വേണ്ടി ഗോൾ നേടിയത്. ആദ്യം റഫറി ഓഫ്‌സൈഡ് വിളിച്ചെങ്കിലും തുടർന്ന് വാർ പരിശോധിച്ച് ഗോൾ അനുവദിക്കുകയായിരുന്നു. എന്നാൽ അധികം താമസിയാതെ പകരക്കാരനായി ഇറങ്ങിയ സാമുവൽ ചുക്വുസ് വില്ലറയലിന് സമനില നേടികൊടുക്കുകയായിരുന്നു. തുടർന്ന് മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് രണ്ട് ഗോൾ നേടി ബാഴ്‌സലോണ ജയം ഉറപ്പിച്ചത്. സാവിക്ക് കീഴിൽ ബാഴ്‌സലോണയുടെ തുടർച്ചയായ രണ്ടാമത്തെ ലീഗ് ജയമായിരുന്നു ഇത്.