ബാഴ്‌സ അത്ലെറ്റിക് പരിശീലക സ്ഥാനത്ത് ഇനി റാഫേൽ മാർക്വസ്

Nihal Basheer

20220713 000221

ബാഴ്‌സലോണയുടെ ബി ടീം ആയ “ബാഴ്‌സ അത്ലറ്റിക്കി”നെ പരിശീലിപ്പിക്കാൻ മുൻ ബാഴ്‌സ താരം കൂടിയായ റാഫേൽ മാർക്വസ് എത്തുന്നു.നിരാശജനകമായ സീസണിന് ശേഷം കോച്ച് സെർജി ബെർഹ്വാനെ കഴിഞ്ഞ മാസത്തോടെ ടീം പുറത്താക്കിയിരുന്നു. ഈ സ്ഥാനത്തേക്കാണ് തങ്ങളുടെ മുൻ താരം കൂടിയായിരുന്ന മാർക്വസിനെ ടീം എത്തിക്കുന്നത്. വെള്ളിയാഴ്ച മുതൽ പുതിയ കൊച്ചിന് കീഴിൽ പരിശീലനം ആരംഭിക്കും.

ടീമിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദേശ കോച്ച് പരിശീലികനായി എത്തുന്നത്.ടീമിന്റെ ഇരുപതാമത് കോച്ച് ആവും മെക്‌സിക്കാൻ ഇതിഹാസ താരം.പരിശീലകനായി വളരെ കുറഞ്ഞ മുൻ പരിചയം മാത്രമേ ഉള്ളുവെങ്കിലും മാർക്വസിൽ തന്നെ വിശ്വാസം അർപ്പിക്കാൻ ആണ് ലപോർടയുടെ തീരുമാനം.ലപോർട്ടയുമായും സാവിയുമായും അടുത്ത ബന്ധമാണ് മുൻ ബാഴ്‌സ താരത്തിനുള്ളത്. സ്പാനിഷ് നാലാം ഡിവിഷൻ ടീം ആയ അൽകാലയിൽ യൂത്ത് ടീമിനെ മുൻപ് നാല്പത്തിമൂന്നുകാരൻ പരിശീലിപിച്ചിട്ടുണ്ട്.യുവേഫയുടെ പരിശീലകൻ ആവാൻ ഉള്ള പ്രോ ലൈസൻസും ഈയടുത്തു മാർക്വസ് നേടിയിരുന്നു.

മുൻപ് ലപോർട് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിറകെയാണ് ബെർഹ്വാനെ ബി ടീം പരിശീലക സ്ഥാനത്തേക്ക് എത്തിക്കുന്നത്.ഗവി,നിക്കോ തുടങ്ങിയ താരങ്ങൾ സീനിയർ ടീമിന് കൂടെ ചേർന്നതും അബ്‌ദെയെ അടക്കം ചില താരങ്ങളെ ഇടക്ക് സീനിയർ ടീമിന് വേണ്ടി വിട്ടു കൊടുക്കേണ്ടി വന്നതും പലപ്പോഴും ബി ടീമിന്റെ പ്രകടനത്തെ സാരമായി ബാധിച്ചിരുന്നു.പരിശീലക സ്ഥാനത്ത് നിന്നും പുറത്തായെങ്കിലും ടീമിൽ ടെക്നിക്കൽ സ്ഥാനങ്ങളിൽ ബെർഹ്വാൻ തുടരും.കോമാനെ ബാഴ്‌സലോണ പുറത്താക്കിയ ശേഷം സാവി ടീമിന്റെ സാരഥ്യം ഏറ്റെടുക്കുന്നത് വരെ സീനിയർ ടീമിന്റെ ചുമതലയും ബെർഹ്വാൻ ഏറ്റെടുത്തിരുന്നു.