ബാഴ്സലോണയുടെ ലക്ഷ്യം ഈ സീസണിൽ മൂന്ന് കിരീടങ്ങൾ ആണെന്ന് ബാഴ്സലോണ പ്രസിഡന്റ് ജോസെപ് ബർട്ടോമ്യൂ. ലെവന്റെയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ലാ ലീഗ കിരീടം നേടിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബാഴ്സലോണ പ്രസിഡന്റ്. ലാ ലീഗ കിരീടം സ്വന്തമാക്കിയ ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് അടുത്ത ദിവസം ലിവർപൂളിനെ നേരിടും. ഇത് കൂടാതെ കോപ്പ ഡെൽ റേ ഫൈനലിൽ ബാഴ്സലോണ വലൻസിയയെ നേരിടും.
ഓരോ സീസണിലെയും പ്രധാന ലക്ഷ്യം ലാ ലീഗയാണെന്നും ലാ ലീഗ കിരീടം ക്ലബിൽ കാര്യങ്ങൾ നേർവഴിക്കാണ് പോവുന്നതിന്റെ സൂചനയാണെന്നും പ്രസിഡന്റ് പറഞ്ഞു. ചാമ്പ്യൻസ് ലീഗിലും കോപ്പ ഡെൽ റേയിലും എതിരാളികൾ ശക്തരാണെന്നും എന്നാൽ സീസൺ മൂന്ന് കിരീടങ്ങൾ നേടാൻ കഴിയുമെന്നാണ് വിശ്വാസം എന്നും ബർട്ടോമ്യൂ പറഞ്ഞു. ഇന്നലെ വിജയ ഗോൾ നേടിയ മെസ്സിയെയും ബർട്ടോമ്യൂ പ്രശംസിച്ചു. പകരക്കാരനായി ഇറങ്ങിയത് മുതൽ മെസ്സി കളിയുടെ ഗതി മാറ്റിയെന്നും മെസ്സി ലോകം കണ്ട മികച്ച താരമാണെന്നും ബാഴ്സലോണ പ്രസിഡന്റ് പറഞ്ഞു.