ലാലിഗയിൽ ബാഴ്സലോണക്ക് ഒരു ക്ലാസിക്ക് തിരിച്ചുവരവ്. ഇന്ന് നടന്ന മത്സരത്തിൽ റയോ വലെകാനോയ്ക്ക് എതിരെ 87ആം മിനിറ്റു വരെ 2-1ന് പിറകിൽ നിന്നിട്ടാണ് ബാഴ്സലോണ 3-2ന്റെ ജയം സ്വന്തമാക്കിയത്. സുവാരസിന്റെ ഇരട്ട ഗോളുകളാണ് ഇന്ന് ബാഴ്സലോണയെ രക്ഷിച്ചത്. കഴിഞ്ഞ ലാലിഗ മത്സരത്തിൽ സുവാരസ് ഹാട്രിക്കും നേടിയിരുന്നു.
ഇന്ന് കളിയുടെ 11ആം മിനുട്ടിൽ തന്നെ സുവാരസിലൂടെ ബാഴ്സലോണ മുന്നിൽ എത്തിയതായിരുന്നു. എന്നാൽ അതിനു ശേഷം കളി മാറി. 35ആം മിനുറ്റിൽ പോസോയിലൂടെ സമനില നേടിയ റയോ വല്ലെകാനോ 57ആം മിനുട്ടിൽ ഗാർസിയ നേടിയ ഗോളിലൂടെ 2-1ന് മുന്നിലും എത്തി. പിന്നീട് എത്ര പൊരുതിയിറ്റും ബാഴ്സക്ക് കളിയിൽ തിരിച്ചെത്താൻ ആയില്ല. അവസാനം 87ആം മിനുട്ടിൽ ഡെംബലെ ബാഴ്സക്ക് പ്രതീക്ഷ നൽകിയ സമനില ഗോളുമായി എത്തി. പിന്നീട് ഇനി ഒരു വിജയ ഗോളിനു കൂടെ സമയമില്ല എന്ന് കരുതിയതായിരുന്നു. എന്നാൽ സുവാരസ് ഒരിക്കൽ കൂടെ ബാഴ്സയുടെ രക്ഷകനായി. സുവാരസിന്റെ ഗോൾ 3-2ന്റെ ജയം ഉറപ്പിക്കുകയും ചെയ്തു.
ജയടത്തോടെ ലീഗിൽ ബാഴ്സലോണക്ക് 24 പോയന്റായി. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനേക്കാൾ നാലു പോയന്റിന്റെ ലീഡാണ് ഇപ്പോൾ ബാഴ്സക്ക് ഉള്ളത്.