ലാലിഗയിൽ ബാഴ്സലോണക്ക് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് അലാവസിനെ നേരിട്ട ബാഴ്സലോണ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്. മത്സരത്തിന്റെ അവസാന 20 മിനുട്ടുകളോളം പത്തു പേരുമായി കളിക്കേണ്ടി വന്നിട്ടും വിജയം നേടാൻ ബാഴ്സലോണക്ക് ആയി. മത്സരത്തിൽ ആദ്യ പകുതിയിൽ ലെവൻഡോസ്കിയുടെ ഒരു നല്ല ഫിനിഷ് ആണ് ബാഴ്സലോണക്ക് ലീഡ് നൽകിയത്. ഗുണ്ടോഗൻ ആയിരുന്നു ആ ഗോൾ ഒരുക്കിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗുണ്ടോഗൻ നേടിയ ഗോൾ ബാഴ്സയുടെ ലീഡ് ഇരട്ടിയാക്കി. 51ആം മിനുട്ടിൽ ഒമിറോദിനിലൂടെ അലാവസ് ഒരു ഗോൾ മടക്കിയത് കളി ആവേശകരമാക്കി. പക്ഷെ സബ്ബായി എത്തിയ യുവതാരം വിറ്റർ റോക്കേ 63ആം മിനുട്ടിൽ ബാഴ്സയുടെ മൂന്നാം ഗോൾ നേടി. പിന്നാലെ താരം ചുകപ്പ് കണ്ട 72ആം മിനുട്ടിൽ പുറത്തായി. റഫറിയുടെ തെറ്റായ തീരുമാനമായിരുന്നു ഇത് എന്ന് റീപ്ലേകളിൽ തെളിഞ്ഞു എങ്കിലും റെഡ് കാർഡ് പിൻവലിക്കപ്പെട്ടില്ല.
10 പേരായി ചുരുങ്ങി എങ്കിലും ബാഴ്സലോണ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ ബാഴ്സലോണ തൽക്കാലം മൂന്നാം സ്ഥാനത്ത് എത്തി.