റൊണാൾഡിഞ്ഞോയുടെ പുത്രൻ ബാഴ്സലോണയിലേക്ക്

Nihal Basheer

Picsart 23 02 08 02 08 38 557

ഇതിഹാസ താരം റൊണാൾഡിഞ്ഞോയുടെ പുത്രൻ ജാവോ മെന്റസ് ബാഴ്സലോണയിലേക്ക്. നിലവിൽ യൂത്ത് ടീമിലേക്കുള്ള ട്രയൽ പാസ് ആയിട്ടുള്ള താരം ബാഴ്‌സയിൽ ചേരുമെന്ന് റൊണാൾഡിഞ്ഞോ താന്നെയാണ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. ജാവോ മെന്റസ് ജനുവരി മുതൽ തന്നെ ബാഴ്‍സയിൽ എത്തി തയ്യാറെടുപ്പുകൾ തുടങ്ങിയതായി നേരത്തെ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ട്രയൽ കൂടി പാസ് ആയതോടെ ഉടനെ തന്നെ താരത്തിന് ബാഴ്‌സ കരാർ നൽകിയേക്കും.

561700 Med .jpg

നേരത്തെ ബ്രസീലിയൻ ക്ലബ്ബ് ആയ ക്രൂസെറിയോയുടെ താരമായിരുന്ന പതിനെഴുകാരൻ, ടീമുമായുള്ള ബന്ധം വിച്ഛേദിച്ചാണ് ബാഴ്‌സയിലേക്ക് വിമാനം കയറിയത്. യൂത്ത് ടീമായ “ജുവനൈൽ എ” ക്കൊപ്പം ആവും താരം ചേരുക. താൻ ഒരിക്കലും ബാഴ്‍സയിൽ നിന്നും പുറത്തു പോയിട്ടിലെന്ന് കാര്യങ്ങൾ വിശദമാക്കി കൊണ്ട് റൊണാൾഡിഞ്ഞോ അഭിമുഖത്തിൽ പറയുക ഉണ്ടായി. “തന്റെ ജീവിതത്തിന്റെ ഭാഗമാണ് ഈ ക്ലബ്ബ്, എന്നും എവിടെയും ബാഴ്‌സയുടെ പേര് തന്റെ കൂടെ ഉണ്ടായിരുന്നു. മകൻ കൂടി ടീമിൽ എത്തുന്നതോടെ ഈ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കും.” റൊണാൾഡിഞ്ഞോ പറഞ്ഞു. അച്ഛനെ പോലെ തന്നെ മകനും ടീമിന് വേണ്ടി ഉയരങ്ങൾ കീഴടക്കട്ടെ എന്നാണ് ആരാധകരുടേയും ആഗ്രഹം.