യുവതാരം ഗവിയെ ഔദ്യോഗികമായി സീനിയർ ടീം താരമായി റെജിസ്ട്രർ ചെയ്യാൻ ഒടുവിൽ ബാഴ്‌സലോണക്ക് മുന്നിൽ വഴി തുറന്നു. താരത്തെ റെജിസ്ട്രർ ചെയ്യാനുള്ള നീക്കം സാലറി നിയന്ത്രണങ്ങൾ ചൂണ്ടിക്കാണിച്ചു ലാ ലീഗ തള്ളിയതിന് പിറകെ കോടതി കയറിയ ബാഴ്‌സക്ക് അനുകൂലമായ വിധി കഴിഞ്ഞ മണിക്കൂറുകളിൽ ആണ് പുറത്തു വന്നത്. ബാഴ്‌സ ഇറക്കിയ ഔദ്യോഗിക കുറിപ്പ് പ്രകാരം ട്രാൻസ്ഫർ വിൻഡോ തീരുന്നതിന് മുൻപ് ഗവിയുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ലാ ലീഗയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ബി ടീം അംഗമായാണ് ഗവി ബാഴ്‌സയിൽ തുടരുന്നത്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോക്ക് മുൻപും താരത്തെ റെജിസ്ട്രർ ചെയ്യാനുള്ള ബാഴ്‌സയുടെ നീക്കം ഫലം കാണാതെ പോയിരുന്നു. ഇത്തവണ പിക്വേ, മേംഫിസ് ഡീപെയ് എന്നിവർ ടീം വിട്ടിട്ടും ഗവിയുടെ രജിസ്‌ട്രേഷന് ലീഗ് വിലങ്ങു തടി തീർത്തതാണ് ബാഴ്‌സയെ ചൊടിപ്പിച്ചത്. നേരത്തെ ലെവെന്റോവ്സ്കിയെ സസ്‌പെന്റ് ചെയ്തതിനെതിരെയും ബാഴ്‌സലോണ കോടതിയെ സമീപിച്ചു അനുകൂല വിധി സമ്പാദിച്ചിരുന്നു. ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുൻപ് താരത്തെ റെജിസ്ട്രർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ താരവുമായി ഉണ്ടാക്കിയ പുതിയ കരാർ പാഴായി പോവുമെന്നും അതോടെ മറ്റ് ടീമുകൾക്ക് താരവുമായി ചർച്ച നടത്താം എന്നുമാണ് ബാഴ്‌സ കോടതിയിൽ പ്രധാന വാദമായി അവതരിപ്പിച്ചത്. സീനിയർ ടീമിനോടൊപ്പം ചേർന്നാൽ നേരത്തെ സാവി അണിഞ്ഞിരുന്ന ആറാം നമ്പർ ജേഴ്‌സി ആവും ഗവി അണിയുക.