വർഷത്തിലെ അവസാന മത്സരത്തിൽ നഗര വൈരികളായ എസ്പാന്യോളിനോട് സമനിലയിൽ കുരുങ്ങി ബാഴ്സലോണ. ക്യാമ്പ്ന്യൂവിൽ നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ചു ഇരു ടീമുകളും പിരിയുക ആയിരുന്നു. മർക്കോസ് അലോൻസോ ബാഴ്‌സക്കായി ലക്ഷ്യം കണ്ടപ്പോൾ ഹോസെലു പെനാൽറ്റി സ്പോട്ടിൽ നിന്നും എസ്പാന്യോളിന്റെ ഗോൾ കണ്ടെത്തി. ഇതോടെ പോയിന്റ് പട്ടികയിൽ തലപ്പത്ത് ബാഴ്‌സക്കും റയലിനും മുപ്പത്തിയെട്ടു പോയിന്റ് വീതമായി.
സസ്‌പെൻഷൻ ലഭിച്ചിരുന്ന ലെവെന്റോവ്സ്കിയെ കോടതി നൽകിയ സ്റ്റേയുടെ പിൻബലത്തിൽ ടീമിൽ ഉൾപ്പെടുത്തിയാണ് ബാഴ്‌സലോണ ഇറങ്ങിയത്. ഇരു ടീമുകൾക്കും പന്തിന്മേലുള്ള ആധിപത്യം നിലനിർത്താൻ സാധിച്ചെങ്കിലും ബാഴ്‌സക്കാണ് മികച്ച അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിച്ചത്. കോർണറിൽ നിന്നെത്തിയ ബോളിൽ ലെവെന്റോവ്സ്കിക്ക് പിഴച്ചപ്പോൾ പന്ത് ലഭിച്ച ക്രിസ്റ്റൻസൻ അലോൻസോക്ക് മറിച്ചു നൽകി. താരം അനായാസം ഹെഡറിലൂടെ ആദ്യ ഗോൾ കണ്ടെത്തി. ഏഴാം മിനിറ്റിലാണ് ഗോൾ വീണത്. പിന്നീട് ആൽബയുടെ ക്രോസിൽ നിന്നും പോസ്റ്റിന് തൊട്ടു മുൻപിൽ നിന്ന് അലോൻസോയുടെ ഷോട്ട് അകന്ന് പോയി. റാഫിഞ്ഞയുടെ ഒരു ഷോട്ട് കീപ്പർ തടുത്തു. ആദ്യ പകുതിയിൽ എസ്പാന്യോ ളിന് ലഭിച്ച ഒരേയൊരു മികച്ച അവസരം കോർണർ വഴങ്ങി ബാഴ്‌സ തടുത്തു.
സംഭവ ബഹുലമായിരുന്നു രണ്ടാം പകുതി. എട്ട് തവണയാണ് റഫറിക്ക് കാർഡ് പുറത്തെടുക്കേണ്ടി വന്നത്. ആകെ 14 മഞ്ഞകാർഡുകൾ കളിയിൽ പിറന്നു. മൂന്ന് ചുവപ്പ് കാർഡും. ഇതിൽ ഒരു ചുവപ്പ് കാർഡ് വാർ ഇടപെട്ടാണ് മാറ്റിയത്. ലോകകപ്പിൽ അർജന്റീന നെതർലന്റ്സ് മത്സരത്തിൽ 15 മഞ്ഞ കാർഡ് പുറത്തെടുത്ത റഫറി മാറ്റൊ ലാഹോസ് ആയിരുന്നു റഫറി.
മർക്കോസ് അലോൻസോ ബോക്സിനുള്ളിൽ വരുത്തിയ ഫൗളിൽ പെനാൽറ്റി ലഭിച്ചപ്പോൾ കിക്ക് എടുത്ത ഹോസെലു അനായാസം ലക്ഷ്യം കണ്ടു. പിന്നീട് റഫറിയോട് കയർത്ത ജോർഡി ആൽബ രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തു പോയി. എന്നാൽ എസ്പാന്യോളിന് ആളെണ്ണം മുതലാക്കാൻ സാധിക്കുന്നതിന് മുൻപ് ലെവെന്റോവ്സ്കിയെ ഫൗൾ ചെയ്ത വിനിഷ്യസ് സോസയും ചുവപ്പ് കാർഡ് കണ്ടു. ഒൻപത് മിനിറ്റോളം ലഭിച്ച അധിക സമയത്തും ബാഴ്‌സലോണ ആക്രമണങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിൽ എത്തിയില്ല. ഇതോടെ പതിനാറാം സ്ഥാനത്തുള്ള എസ്പാന്യോളിന് വിജയത്തിന് തുല്യമായ ഒരു സമനില നേടിയെടുക്കാൻ ആയി.