അലോൺസോ ഇല്ലെങ്കിൽ കായോ, ബ്രസീലിയൻ താരം ബാഴ്‌സയുടെ ലിസ്റ്റിൽ

Nihal Basheer

20220719 203229

ഇടത് ബാക്ക് സ്ഥാനത്തേക്ക് അടുത്ത സീസണിലേക്കായി ബാഴ്‌സലോണ കണ്ടു വെച്ച താരമായിരുന്നു മർക്കോസ് അലോൺസോ. വെറ്ററൻ താരം ജോർഡി ആൽബ മാത്രമാണ് നിലവിൽ ഇടത് ബാക്ക് സ്ഥാനത്ത് ടീമിലുള്ളത്‌. യുവതാരം ബാൾടെയെ ഈ സ്ഥാനത്ത് പകരക്കാരനായി ഉപയോഗിക്കാൻ ടീം തീരുമാനിച്ചിട്ടും ഇല്ല. അനുഭവ സമ്പത്ത് കൂടിയുള്ള അലോൺസോ ആൽബക്കൊപ്പം ഈ സ്ഥാനത്തേക്ക് മത്സരിക്കട്ടെ എന്നും ടീം കരുതി. എന്നാൽ ചെൽസിയിൽ നിന്നുള്ള കൈമാറ്റം വിചാരിച്ച പോലെ എളുപ്പമായില്ല.

ഇതോടെ പകരം മറ്റൊരു താരത്തിൽ കണ്ണ് വെച്ചിരിക്കുകയാണ് ബാഴ്‌സലോണ. മൊണാക്കോയുടെ ബ്രസീലിയൻ താരം കായോ ഹെൻറിക്വേയെയാണ് ബാഴ്‌സ അലോൺസോക്ക് പകരക്കാരനായി കണ്ടു വെച്ചിരിക്കുന്നത്. ഇടത് ഭാഗത്ത് ജോർഡി ആൽബയെ പോലെ ആക്രമണത്തിൽ കാര്യമായ സംഭാവന ചെയ്യാൻ കഴിയുന്ന താരമാണ് കായോ. അത്ലറ്റികോ മാഡ്രിഡിൽ നിന്നും 2020ലാണ് താരം മൊണാക്കോയിൽ എത്തുന്നത്. അത്ലറ്റികോ ബി ടീമിൽ അംഗമായിരുന്ന താരം വിവിധ ടീമുകൾക്ക് വേണ്ടി ലോണിൽ കളിച്ച ശേഷമാണ് ഫ്രഞ്ച് ടീമിലേക്ക് ചേക്കേറുന്നത്. ടീമിനായി ഇതുവരെ പതിനാല് അസിസ്റ്റും രണ്ടു ഗോളുകളും നേടി.

എങ്കിലും ഇരുപത്തിനാല് വയസ് മാത്രമുള്ള താരത്തിന് കുറഞ്ഞത് ഇരുപത് മില്യൺ എങ്കിലും നൽകേണ്ടി വരുമെന്നാണ് സൂചനകൾ. സെൽറ്റ വീഗൊ താരം ഹാവി ഗാലൻ ആണ് ഇതേ സ്ഥാനത്തേക്ക് ബാഴ്‌സ നോട്ടമിട്ടിട്ടുള്ള മറ്റൊരു താരം.