ബാഴ്‌സലോണയിൽ തുടരാനുള്ള തന്റെ താൽപര്യം ഒരിക്കൽ കൂടി വെളിപ്പെടുത്തി ജോർഡി ആൽബ. സ്പാനിഷ് മാധ്യമമായ മാർകക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 2024 വരെ കരാർ ബാക്കിയുള്ള തനിക്ക് അത് വരെ ടീമിൽ തുടരാൻ തന്നെയാണ് താൽപര്യം എന്നും ഇപ്പോൾ ടീമിൽ താൻ വളരെ സംതൃപ്തനാണ് എന്നും താരം പറഞ്ഞു. എന്നാൽ ടീമിന് വേണ്ടി തനിക്കൊന്നും ചെയ്യാൻ ഇല്ലെന്ന് തോന്നുമ്പോൾ പുറത്തു പോവാൻ മടിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
നേരത്തെ ഇന്റർ മിലാനിലേക്ക് ആൽബയെ കൈമാറാൻ ബാഴ്‌സ ശ്രമിച്ചതായി അഭ്യൂഹങ്ങൾ വന്നിരുന്നു. കൂടാതെ ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് യുവതാരം ബാൾടേയുടെ ഫോമും ആൽബയുടെ അവസരങ്ങൾ കുറച്ചു. എന്നാൽ അവസാന മത്സരങ്ങളിൽ ലഭിച്ച അവസരം മുതലാക്കിയ ആൽബ സ്‌കോർ ഷീറ്റിലും ഇടം പിടിച്ചിരുന്നു. സീസണിൽ അവസരങ്ങൾ കുറവാണെങ്കിലും ബെഞ്ചിൽ ഇരുന്ന് സഹതാരങ്ങൾക്ക് പിന്തുണ നൽകാൻ തനിക്ക് ആവുന്നുണ്ടെന്നും താരം കൂടിച്ചെർത്തു. പരിശീലനത്തിലും മത്സരങ്ങളിലും തന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനാണ് തന്റെ ലക്ഷ്യമെന്നും ആൽബ പറഞ്ഞു. ടീം ആവശ്യപ്പെടുന്ന പക്ഷം തന്റെ വരുമാനത്തിൽ കുറവ് വരുത്താനുള്ള തന്റെ സന്നദ്ധതയും താരം പ്രഖ്യാപിച്ചു.
Download the Fanport app now!