മെസ്സി പരിക്കേറ്റ് കളം വിട്ട മത്സരത്തിൽ ബാഴ്സലോണക്ക് വിജയം. ഇന്ന് കാമ്പ്നൗവിൽ നടന്ന മത്സരത്തിൽ സെവിയ്യയെ ആണ് ബാഴ്സലോണ തോൽപ്പിച്ചത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. ലീഗിൽ ബാഴ്സയുടെ മുകളിൽ ആയിരുന്നു സെവിയ്യ മത്സരം തുടങ്ങുന്നത് വരെ. കളി കഴിഞ്ഞപ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് ബാഴ്സലോണ എത്തി.
കളിയുടെ 26ആം മിനുട്ടിൽ തന്നെ മെസ്സി പരിക്കേറ്റ് കളം വിട്ടിരുന്നു. കൈക്ക് പരിക്കേറ്റാണ് മെസ്സി പുറത്തു പോയത്. പോകും മുമ്പ് ഒരു ഗോൾ നേടാനും കൗട്ടീനോ നേടിയ ഗോളിന് അസിസ്റ്റ് ഒരുക്കാനും മെസ്സിക്കായി. മെസ്സി പോയ ശേഷം ചെറുതായൊന്നു തളർന്നെങ്കിലും രണ്ടാം പകുതിയിൽ ബാഴ്സ വീണ്ടും ഗോൾ കണ്ടെത്തി. ഒരു പെനാട്ടിയിലൂടെ സുവാരസും കളിയുടെ അവസാന നിമിഷത്തിൽ റാക്കിറ്റിചുമാണ് ബാഴ്സക്കായി രണ്ടാം പകുതിയിൽ ഗോളുകൾ നേടിയത്.
സെവിയ്യക്കായി രണ്ടാം പകുതിയിൽ സരാബിയയും മുരിയലും ഗോൾ നേടി. ബാഴായുടെ ജയത്തിൽ ഇന്ന് നിർണായക പങ്കുവഹിച്ചത് ഗോൾ കീപ്പർ ടെർ സ്റ്റേഗനായിരുന്നു. ഇരട്ട സേവുകൾ അടക്കം അവിസ്മരണീയ പ്രകടനമാണ് ഇന്ന് ടെ സ്റ്റേഗൻ വലയ്ക്കു മുന്നിൽ നടത്തിയത്.
ഇന്നത്തെ ജയത്തോടെ 18 പോയന്റുമായി ബാഴ്സ ലീഗിൽ ഒന്നാമതെത്തി. 17 പോയന്റുള്ള അലാവസാണ് രണ്ടാമത് ഉള്ളത്.