ലാലിഗയിൽ ഒരു മത്സരത്തിലെ ഇടവേളയ്ക്ക് ശേഷം അത്ലറ്റിക്കോ മാഡ്രിഡ് വീണ്ടും വിജയ വഴിയിൽ എത്തി. ഇന്ന് ആവേശകരമായ പോരാട്ടത്തിൽ ഗ്രാനഡെയെ ആണ് അത്ലറ്റിക്കോ മാഡ്രിഡ് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയുടെ വിജയം. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ യൊറെന്റെയുടെ മികവിലായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ ഇന്നത്തെ വിജയം.
മത്സരത്തിന്റെ 63ആം മിനുട്ടിൽ ആയിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ ആദ്യ ഗോൾ. കൊകെയുടെ പാസിൽ നിന്ന് യൊറെന്റെ ആയിരുന്നു ഗോൾ നേടിയത്. ഇതിനു പിന്നാലെ 66ആം മിനുട്ടിൽ ഹെരേര അത്ലറ്റിക്കോക്ക് എതിരെ ഒരു ഗോൾ മടക്കി സമനില നേടി. പിന്നീട് കൂടുതൽ ആക്രമിച്ചു കളിച്ച അത്ലറ്റിക്കോ 75ആം മിനുട്ടിൽ കൊറേയയിലൂടെ ലീഡ് തിരികെയെടുത്തു. യൊറെന്റെ ആയിരുന്നു ആ ഗോൾ ഒരുക്കിയത്.
ഈ വിജയത്തോടെ 21 മത്സരങ്ങളിൽ 54 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. രണ്ടമാതുള്ള റയൽ മാഡ്രിഡിനേക്കാൾ 8 പോയിന്റ് ലീഡ് ഉണ്ട് അത്ലറ്റിക്കോ മാഡ്രിഡിന്. റയലിനേക്കാൾ ഒരു മത്സരം കുറവാണ് അത്ലറ്റിക്കോ മാഡ്രിഡ് കളിച്ചത്.