ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ന് ഒരു ആവേശ മത്സരത്തിൽ ഡിപോർടീവോ അലാവസിനെ ആണ് അത്ലറ്റിക്കോ മാഡ്രിഡ് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയുടെ വിജയം. അതും ഇഞ്ച്വറി ടൈമിൽ ആയിരുന്നു വിജയ ഗോൾ വന്നത്. ഒരു ഗോളും ഒരു അസിസ്റ്റും ആയി സുവാരസാണ് ഇന്ന് അത്ലറ്റിക്കോയുടെ രക്ഷകനായത്.
41ആം മിനുട്ടിൽ ആയിരുന്നു അത്ലറ്റിക്കോയുടെ ആദ്യ ഗോൾ. സുവാരസ് ഒരുക്കിയ അവസരം യൊറന്റെ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. 63ആം മിനുട്ടിൽ അലാവസിന്റെ താരം ലഗ്വാർഡിയ ചുവപ്പ് കണ്ട് പുറത്തായപ്പോൾ അത്ലറ്റിക്കോയ്ക്ക് കാര്യങ്ങൾ എളുപ്പമായി എന്നാണ് കരുതിയത്. എന്നാൽ 84ആം മിനുട്ടിൽ വഴങ്ങിയ സെൽഫ് ഗോൾ അത്ലറ്റിക്കോയെ സമ്മർദ്ദത്തിൽ ആക്കി. 90ആം മിനുട്ട് വരെ കളി 1-1 എന്ന് തന്നെ നിന്നു. അവസാനം ഫെലിക്സിന്റെ പാസിൽ നിന്ന് സുവാരസ് ലക്ഷ്യം കണ്ടു. ഇതോടെ മൂന്ന് പോയിന്റ് അവർക്ക് സ്വന്തമായി.
ഈ വിജയത്തോടെ 15 മത്സരങ്ങളിൽ 38 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. ഇത് സിമിയോണിയുടെ ടീമിന്റെ തുടർച്ചയായ അഞ്ചാം വിജയമാണ്.