ഇന്ന് മാഞ്ചസ്റ്ററിൽ മാത്രമല്ല ഡാർബി നടക്കുന്നത് അങ്ങ് മാഡ്രിഡിലും ഡാർബി ദിവസമാണ്. മാഡ്രിഡ് ഡാർബിയിൽ നേർക്കുനേർ വരുന്നത് ലീഗിലെ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡും നിലവിലെ ലീഗ് ചാമ്പ്യന്മാരായ റയൽ മാഡ്രിഡുമാണ്. ഈ സീസണിൽ ലീഗിൽ ഒരു പരാജയം പോലും അറിയാതെ മുന്നേറുകയാണ് സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡ്. 10 മത്സരങ്ങൾ ലീഗിൽ കഴിഞ്ഞപ്പോൾ ആകെ രണ്ടു ഗോളുകളാണ് അത്ലറ്റിക്കോ മാഡ്രിഡ് വഴങ്ങിയത്. അവരുടെ ഡിഫൻസ് തന്നെയാണ് അവരുടെ ശക്തിയും.
സുവാരസും മികച്ച ഫോമിലുള്ള ഫെലിക്സും അറ്റാക്കിലും അത്ലറ്റിക്കോ മാഡ്രിഡിനെ മികച്ച ഫോമിൽ നിർത്തുന്നു. സിദാന്റെ ടീമിന് ഈ സീസൺ ഇതുവരെ അത്ര മികച്ചതല്ല. ലാലിഗയിൽ ഇപ്പോൾ നാലാം സ്ഥാനത്താണ് റയൽ ഉള്ളത്. ഇന്ന് അത്ലറ്റിക്കോയെ തോൽപ്പിച്ച് ഒന്നാം സ്ഥാനത്തേക്കുള്ള ദൂരം കുറക്കുക ആകും സിദാന്റെ ലക്ഷ്യം. കാർവഹാൽ പരിക്ക് മാറി എത്തിയത് സിദാന് ആശ്വാസം നൽകും. റയലിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് ഇന്ന് മത്സരം നടക്കുന്നത്. രാത്രി 1.30ന് മത്സരം ആരംഭിക്കും.