അവസരമില്ല, നിയന്ത്രണം വിട്ട് അസെൻസിയോ

Nihal Basheer

ടീമിൽ തുടർച്ചയായി അവസരങ്ങൾ കുറഞ്ഞതോടെ രോഷം പ്രകടിപ്പിച്ച് മാർക്കോസ് അസെൻസിയോ. ഇന്ന് മയ്യോർക്കയുമായി നടന്ന മത്സരത്തിലാണ് അസെൻസിയോക്ക് നിയന്ത്രണം വിട്ടത്. സീസണിൽ ഇത് വരെ അവസരം ലഭിക്കാത്ത താരം ഇന്ന് മാഡ്രിഡിന്റെ അവസാന സബ് ആയി കർവഹാൾ എത്തിയതോടെ കയ്യിലെ വെള്ളക്കുപ്പി കോച്ച് ആഞ്ചലോട്ടിക്ക് മുന്നിൽ വെച്ചു നിലത്തേക്ക് വലിച്ചെറിയുകയായിരുന്നു. സബ് ആയി ഇറങ്ങാൻ താരത്തോട് ഒരുങ്ങാൻ ആഞ്ചലോട്ടി നിർദേശിച്ചിരുന്നു. എന്നാൽ പിന്നീട് ബെഞ്ചിലേക്ക് മടങ്ങാൻ പറഞ്ഞതാണ് താരത്തെ ദേഷ്യം പിടിപ്പിച്ചത്.

മത്സര ശേഷം സംഭവത്തെ കുറിച്ചു ആഞ്ചലോട്ടി പ്രതികരിച്ചു. താരത്തിന്റെ ദേഷ്യം താൻ മനസിലാക്കുന്നു എന്നും, അദ്ദേഹത്തിന് കളത്തിലിറങ്ങാൻ അതിയായ ആഗ്രഹം ഉണ്ടെന്നും കോച്ച് പറഞ്ഞു. താരത്തെ സബ്ബായി കൊണ്ടു വരാൻ തന്നെ ആയിരുന്നു തന്റെ പദ്ധതി എന്ന് അദ്ദേഹം വെളിപ്പെടുത്തി. പക്ഷെ ലുകാസ് വാസ്ക്വസിന് പരിക്കേറ്റത് സാഹചര്യങ്ങൾ മാറ്റി മറിച്ചു. അത് കൊണ്ടാണ് അസെൻസിയോയെ ഇറക്കാൻ സാധിക്കാതെ ഇരുന്നത്. നിലവിലെ ടീമിന്റെ അവസ്ഥയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന താരമാണ് അസെൻസിയോ എന്നത് താൻ മനസിലാക്കുന്നു എന്നും ആഞ്ചലോട്ടി പറഞ്ഞു.