അൻസു ഫതി ബാഴ്സക്ക് ഒപ്പം പരിശീലനം ആരംഭിച്ചു

നീണ്ട കാലമായി ഫുട്ബോൾ കളത്തിന് പുറത്ത് ഇരിക്കുന്ന സ്പാനിഷ് യുവതാരം അൻസു ഫതി ബാഴ്സലോണക്ക് ഒപ്പം പരിശീലനം ആരംഭിച്ചു. താരം ഇന്നലെ ഫസ്റ്റ് ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങി. ഈ ആഴ്ച നടക്കുന്ന മത്സരത്തിൽ അൻസു മാച്ച് സ്ക്വാഡിൽ എത്തിയേക്കില്ല. ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞ് താരത്തെ മാച്ച് സ്ക്വാഡിൽ ഉൾപ്പെടുത്താൻ ആണ് കോമാൻ ശ്രമിക്കുന്നത്.

അൻസു ഫതിക്ക് പരിക്ക് മാറാനായി മൂന്ന് ശസ്ത്രക്രിയകൾ ആണ് അവസാന ഒരു വർഷത്തിനിടയിൽ നടത്തിയത്. അതുകൊണ്ട് തന്നെ താരത്തിന് കഴിഞ്ഞ ഒരു സീസൺ മുഴവനായി തന്നെ നഷ്ടപ്പെട്ടു. കഴിഞ്ഞ സീസൺ തുടക്കത്തിൽ റയൽ ബെറ്റിസിനെതിരായ മത്സരത്തിനിടയിൽ ആയിരുന്നു അൻസു ഫതിക്ക് പരിക്കേറ്റത്. അൻസു തിരികെ വരുന്നത് ബാഴ്സലോണയുടെ ലാലിഗ കിരീട പോരാട്ടത്തിന് വലിയ കരുത്താകും. ലയണൽ മെസ്സിയുടെ അഭാവം ഈ യുവതാരത്തിലൂടെ നികത്താൻ ആണ് ബാഴ്സലോണ ശ്രമിക്കുന്നത്.