ആർട്ടുറോ വിഡാൽ അങ്ങനെ ഒരു ചെറിയ താരമല്ല. ഞായറാഴ്ച ബാഴ്സലോണ കിരീടം നേടിയാൽ വിഡാലിന് അത് ഒരു അപൂർവ്വ നേട്ടമാകും. തുടർച്ചയായ എട്ടാം വർഷവും താൻ കളിക്കുന്ന ടീം ലീഗ് നേടുന്നു എന്നൊരു വമ്പൻ നേട്ടത്തിൽ വിഡാലിനെ എത്തിക്കും. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു വിഡാൽ ബാഴ്സലോണയിൽ എത്തിയത്. ബാഴ്സലോണയിൽ പഴയ വിഡാലിനെ കാണാൻ കഴിഞ്ഞില്ല എങ്കിലും ആവശ്യമുള്ളപ്പോൾ ഒക്കെ രക്ഷയ്ക്ക് എത്താൻ വിഡാലിന് കാറ്റലൻ ക്ലബിലുമായി.
അടുത്ത മത്സരം വിജയിച്ചാൽ ബാഴ്സലോണക്ക് കിരീടം ഉറപ്പാണ്. വിഡാലിന്റെ ആദ്യ ലാലിഗ കിരീടമാകും അത്. അവസാന എട്ടു സീസണുകളിൽ മൂന്ന് രാജ്യങ്ങളിലായാകും വിഡാൽ ഈ നോട്ടത്തിൽ എത്തുന്നത്. 2012 യുവന്റസിനൊപ്പം ആണ് ഈ കിരീട വേട്ട വിഡാൽ തുടങ്ങിയത്. 2012, 2013, 2014, 2015 സീസണുകളിൽ യുവന്റസിനൊപ്പം ഇറ്റാലിയൻ ലീഗ് കിരീടം നേടാൻ വിഡാലിനായി.
2015നു ശേഷം ബയേണിൽ പോയ വിഡാൽ അവിടെ 2016, 2017, 2018 സീസണുകളിൽ ബുണ്ടസ് ലീഗ കിരീടവും ഉയർത്തിയിരുന്നു. ബാഴ്സലോണക്ക് വേണ്ടി കൂടെ കിരീടം നേടിയാൽ വിഡാലിന് അത് വലിയ നേട്ടമായി മാറും. മുമ്പ് ഇബ്രാഹിമോവിച് തുടർച്ചയായി ഒമ്പതു സീസണുകളിൽ ലീഗ് കിരീടം നേടിയിരുന്നു. ഇറ്റലി, സ്പെയിൻ, ഫ്രഞ്ച് ലീഗുകളിൽ ആയിരുന്നു ഇബ്രയുടെ ഈ നേട്ടം.