അഞ്ചു ഗോൾ ത്രില്ലർ; അവസാന മിനിറ്റിൽ അത്ലറ്റികോയെ വീഴ്ത്തി കാഡിസ്

താരതമ്യേന ദുർബലരായ കാഡിസിനെതിരെ വിജയം നിശ്ചയിച്ച് ഇറങ്ങിയ അത്ലറ്റികോ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. മത്സരത്തിന്റെ അവസാന മിനിറ്റിൽ നേടിയ ഗോളിൽ സമനില പൂട്ട് പൊട്ടിച്ച കാഡിസ് സ്വന്തം തട്ടകത്തിൽ സ്വപനതുല്യമായ വിജയം നേടി. അഞ്ച് ഗോളുകൾ വീണ മത്സരത്തിൽ ബോങ്ങോണ്ടയും അലക്‌സ് ഫെർണാണ്ടസും പോസ്വെലോയും കാഡിസിനായി ഗോൾ നേടിയപ്പോൾ അത്ലറ്റികോയുടെ ഗോളുകൾ ജാവോ ഫെലിക്സും മറ്റൊരു ഗോൾ സെൽഫ് ഗോളും ആയിരുന്നു.

20221029 223245

മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ആതിഥേയർ ലീഡ് സ്വന്തമാക്കി. ഇടത് വിങ്ങിലൂടെ എത്തിയ ബോൾ ബോക്സിന്റെ മധ്യത്തിൽ ഒഴിഞ്ഞു നിന്ന ബോങ്ങോണ്ടയിലെത്തിയപ്പോൾ നിലം പറ്റെ താരം തൊടുത്ത ഷോട്ട് പോസ്റ്റിലെത്തി. പിന്നീട് ഗോൾ ഒഴിഞ്ഞു നിന്ന മത്സരത്തിൽ അവസാന മിനിറ്റുകൾ ഒരു ത്രില്ലറിന് വേണ്ട എല്ലാ ചേരുവകളും ചേർന്നതായിരുന്നു. എൺപതിയൊന്നാം മിനിറ്റിൽ കാഡിസ്‌ രണ്ടാം ഗോൾ കണ്ടെത്തി. ആദ്യ ഗോളിന് വഴിയൊരുക്കിയ അൽഫോൻസോ എസ്പിനോ തന്നെയാണ് ഇത്തവണയും ചരട് വലിച്ചത്. അലക്‌സ് ഫെർണാണ്ടസ് ആണ് ഇത്തവണ ഗോൾ നേടിയത്. എൺപത്തിയഞ്ചാം മിനിറ്റിൽ കാഡിസ്‌ താരം ലൂയിസ് ഹെർണാണ്ടസിന്റെ സെൽഫ്‌ ഗോളിൽ അത്ലറ്റികോ ആദ്യ ഗോൾ കണ്ടെത്തി. ജാവോ ഫെലിക്സിന്റെ മികച്ചൊരു ആക്രോബാറ്റിക് ഷോട്ട് താരത്തിന്റെ ദേഹത്ത് തട്ടി പോസ്റ്റിലേക്ക് വഴി മാറുകയായിരുന്നു. നാല് മിനിറ്റിനു ശേഷം സിമിയോണിയുടെ ടീം സമനില ഗോളും കണ്ടെത്തി. ബോക്സിന് പുറത്തു നിന്നും ജാവോ ഫെലിക്‌സ് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ വലത് മൂലയിൽ പതിച്ചു.

20221029 223238

പത്ത് മിനിറ്റ് നീണ്ട എക്സ്ട്രാ മിനിറ്റിന്റെ അവസാന നിമിഷമാണ് കാഡിസ് വിജയ ഗോൾ നേടിയത്. വലത് വിങ്ങിൽ നിന്നും എത്തിയ ബോൾ പോസ്റ്റിന് മുന്നിൽ ഒഴിഞ്ഞു നിന്ന റൂബെൻ സോറിനോ പോസ്റ്റിലേക്ക് എത്തിച്ചെങ്കിലും ഹാൻഡ്ബാളിന്റെ മണമുണ്ടായിരുന്നു. വാർ പരിശോധിച്ച ശേഷം ഗോൾ അനുവദിച്ചതോടെ കാഡിസിന് നിർണായകമായ മൂന്ന് പോയിന്റുകൾ നേടാൻ ആയി.