യൂറോപ്പിൽ വീണ്ടും കൊറോണ പടരുകയാണ്. കൊറോണ സംഹാരതാണ്ഡവമാടിയ
സ്പെയിനിൽ വീണ്ടും കേസുകൾ ക്രമാതീതമായി വർദ്ധിക്കുകയാണ്. ഇത് ഫുട്ബോൾ ക്ലബ്ബുകളെയും ബാധിച്ച് കഴിഞ്ഞു. സ്പെയിനിൽ അഞ്ച് ക്ലബ്ബുകളിലെ താരങ്ങൾ പോസിറ്റീവ് ആണെന്ന് ക്ലബ്ബുകൾ തന്നെ സ്ഥിരീകരിച്ച് കഴിഞ്ഞു. റയൽ മാഡ്രിഡ് താരം മരിയാനോ ഡിയാസ് കൊറോണ പൊസിറ്റിവ് ആയതിനെ തുടർന്ന് ഇപ്പോൾ ക്വാരന്റൈനിലാണ്.
റയൽ സരഗോസ ഒരു താരം ടെസ്റ്റിൽ പോസിറ്റീവ് ആയതിനാൽ ഫസ്റ്റ് ടീമിന്റെ ട്രെയിനിങ് ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. സെവിയ്യയും താരങ്ങളിൽ ഒരാൾക്ക് കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് റിസൾട്ട് വന്നതായി സ്ഥിരികരിച്ചിട്ടുണ്ട്. അൽമേരിയയും ക്ലബ്ബിലെ താരത്തിന് കൊറോണ ഉള്ളതായി പറഞ്ഞിട്ടുണ്ട്. സെഗുണ്ട ക്ലബ്ബായ ഫ്യുൻലബ്രാഡയിൽ 28 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. അതേ തുടർന്ന് പ്ലേ ഓഫ് മത്സരങ്ങളും ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. റയൽ മാഡ്രിഡിനും സെവിയ്യക്കും അടുത്തമാസം യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാനുണ്ടെന്നത് സ്പെയിനിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നു.