റാകിറ്റിച് അടക്കം 2 പേർക്ക് ചുവപ്പ് കാർഡ് ഒപ്പം പരാജയവും,സെവിയ്യയുടെ കഷ്ടകാലം തുടരുന്നു

സ്പാനിഷ് ലാ ലീഗയിൽ സെവിയ്യയുടെ കഷ്ടകാലം തുടരുന്നു. ഇന്ന് റയൽ സോസിദാഡിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ട സെവിയ്യ ഇതോടെ തരം താഴ്ത്തലിന് അരികിൽ 17 സ്ഥാനത്ത് തുടരുന്നു. ജയത്തോടെ സോസിദാഡ് മൂന്നാം സ്ഥാനത്തേക്കും കയറി. മത്സരത്തിൽ 2 സെവിയ്യ താരങ്ങൾക്ക് ചുവപ്പ് കാർഡ് കണ്ടു. മത്സരത്തിൽ ഇരുപതാം മിനിറ്റിൽ മൈക്കിൾ മെറിനോയുടെ പാസിൽ നിന്നു അലക്‌സാണ്ടർ സോർലോത്ത് സോസിദാഡിനു മുൻതൂക്കം സമ്മാനിച്ചു. 28 മത്തെ മിനിറ്റിൽ അപകടകരമായ ഫൗളിന് ഇവാൻ റാകിറ്റിച്ചിന് ചുവപ്പ് കാർഡ് കണ്ടു. ആദ്യം മഞ്ഞ കാർഡ് നൽകിയ റഫറി വാർ പരിശോധനക്ക് ശേഷം കാർഡ് ചുവപ്പ് കാർഡ് ആയി മാറ്റുക ആയിരുന്നു.

സെവിയ്യ

34 മത്തെ മിനിറ്റിൽ പ്രതിരോധതാരം ടാൻഗെയ് നിനാസൗവിനും ചുവപ്പ് കാർഡ് കണ്ടതോടെ സെവിയ്യ 9 പേരായി ചുരുങ്ങി. ആദ്യം മഞ്ഞ കാർഡ് നൽകിയ റഫറി വാർ പരിശോധനക്ക് ശേഷം കാർഡ് ചുവപ്പ് കാർഡ് ആയി ഉയർത്തുക ആയിരുന്നു. 2 മിനിറ്റിനുള്ളിൽ ബ്രയിസ് മെന്റസ് സോസിദാഡിനു രണ്ടാം ഗോൾ സമ്മാനിച്ചു. സീസണിൽ താരത്തിന്റെ ആറാം ഗോൾ ആയിരുന്നു ഇത്. മൈക്കിൾ മെറിനോയുടെ പാസിൽ നിന്നു തന്നെയായിരുന്നു മെന്റസിന്റെ ഗോൾ. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് 9 പേരുമായി സെവിയ്യ ഒരു ഗോൾ മടക്കി. ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ എത്തിയ അലക്‌സ് ടെല്ലസിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ റാഫ മിർ ആണ് സെവിയ്യക്ക് ആയി ഒരു ഗോൾ മടക്കിയത്. തരം താഴ്ത്തൽ ഒഴിവാക്കാൻ ആവും സീസണിൽ സെവിയ്യയുടെ പ്രധാനശ്രമം.