ഇന്നലെ റയൽ സോസിഡാഡിനെ തോൽപ്പിച്ചതോടെ ബാഴ്സലോണയ്ക്ക് കിരീടം അടുത്ത് എത്തിയിരിക്കുകയാണ്. ഇനി രണ്ടു വിജയങ്ങൾ മാത്രമേ ബാഴ്സലോണക്ക് ലാലിഗ കിരീടം ഉറപ്പിക്കാൻ വേണ്ടതുള്ളൂ. ഈ ആഴ്ച തന്നെ രണ്ട് വിജയം നേടി ലാലിഗ ഉറപ്പിക്കാൻ ആണ് ബാഴ്സലോണ ശ്രമിക്കുന്നത്. ചൊവ്വാഴ്ച അലാവസിനെതിരെയും ഞായറാഴ്ച ലെവന്റെയ്ക്ക് എതിരെയും ബാഴ്സലോണക്ക് മത്സരമുണ്ട്. ഈ രണ്ട് മത്സരവും വിജയിച്ചാൽ കിരീടം കാറ്റലോണിയയിൽ വീണ്ടും എത്തും.
ലീഗ് ഉറപ്പിച്ചതിനു ശേഷം ചാമ്പ്യൻസ് ലീഗിൽ കൂടുതൽ ശ്രദ്ധ കൊടുക്കാം എന്നതാണ് ബാഴ്സലോണയുടെ ചിന്ത. ചാമ്പ്യൻസ് ലീഗ് സെമിയിൽ ലിവർപൂൾ ആണ് ബാഴ്സലോണയുടെ എതിരാളികൾ. ഇപ്പോൾ ലാലിഗയിൽ 33 മത്സരങ്ങളിൽ നിന്ന് 77 പോയന്റാണ് ബാഴ്സലോണക്ക് ഉള്ളത്. അത്ലറ്റിക്കോ മാഡ്രിഡിന് 68 പോയന്റും. ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും അത്ലറ്റിക്കോ മാഡ്രിഡിന് 83 പോയിന്റ് മാത്രമേ നേടാനാകു. ഇതാണ് രണ്ട് വിജയങ്ങൾ ബാഴ്സലോണയ്ക്ക് കിരീടം ഉറപ്പിച്ച് കൊടുക്കുന്നത്. അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുക ആണെങ്കിൽ ആറു പോയന്റും വേണ്ടി വരില്ല ബാഴ്സലോണക്ക് കിരീടം നേടാൻ.