ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്ലുമിനൻസിനോട് 2-1ന് തോറ്റ് പുറത്തായെങ്കിലും, മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നേടിയ 4-3ന്റെ തകർപ്പൻ വിജയത്തോടെ അൽ ഹിലാൽ ഈ ക്ലബ് ലോകകപ്പിലൂടെ ലോക ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ നേടി. സൗദി പ്രോ ലീഗ് വെറും പണത്തിനുപരിയാണെന്ന് ലോകത്തിന് അൽ ഹിലാൽ കാണിച്ചുകൊടുത്തുവെന്ന് പ്രതിരോധ താരം കലിദു കൗലിബാലി പറഞ്ഞു
അൽ ഹിലാൽ ഗ്രൂപ്പ് ഘട്ടത്തിൽ റയൽ മാഡ്രിഡിനെയും സാൽസ്ബർഗിനെയും സമനിലയിൽ നിർത്തുകയും മെക്സിക്കൻ ക്ലബ്ബായ പച്ചുകയെ തോൽപ്പിക്കുകയും ചെയ്ത് അപരാജിതരായി നിന്നിരുന്നു. പുതിയ പരിശീലകൻ സിമോൺ ഇൻസാഗിയുടെ കീഴിൽ അവർ ക്വാർട്ടർ ഫൈനലിലെത്തുകയും ബ്രസീലിയൻ വമ്പൻമാരായ ഫ്ലുമിനൻസിനെതിരെ കടുത്ത മത്സരം കാഴ്ചവെക്കുകയും ചെയ്തു.
മത്സരശേഷം സംസാരിച്ച കൂലിബാലി, സൗദി അറേബ്യ വലിയ ശമ്പളത്തിനുള്ള ഒരു ഇടം മാത്രമാണെന്ന മുൻവിധിയെ തള്ളിക്കളഞ്ഞു. “സൗദിയിൽ നിന്നുള്ള ടീമുകൾ ശക്തരും പ്രതിഭകളാൽ നിറഞ്ഞവരാണെന്നും ഞങ്ങൾ കാണിച്ചുതന്നു. ഞങ്ങൾ പണത്തിന് വേണ്ടി മാത്രമാണ് വന്നതെന്ന് എല്ലാവരും കരുതുന്നു, പക്ഷേ ഞങ്ങൾ ഇവിടെ ടീമിനായി കഠിനാധ്വാനം ചെയ്യുകയാണ്,” മുൻ ചെൽസി, നാപ്പോളി താരം പറഞ്ഞു.
സൗദി പ്രോ ലീഗിൽ ചേർന്ന ആദ്യ യൂറോപ്യൻ താരങ്ങളിൽ ഒരാളായ ഈ സെനഗലീസ് പ്രതിരോധ താരം ലീഗിന്റെ അതിവേഗ വളർച്ചയെ പ്രശംസിച്ചു.
“എന്റെ ആദ്യ സീസൺ കഠിനമായിരുന്നു. ഇപ്പോൾ അത് കൂടുതൽ കഠിനമാണ്. കൂടുതൽ കളിക്കാർ വരുന്നതുകൊണ്ട് അടുത്ത വർഷം ഇത് കൂടുതൽ കോമ്പിറ്റിറ്റീവ് ആകും. ഇവിടുത്തെ നിലവാരം ലോകം മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു.” – കൗലിബാലി പറഞ്ഞു.