കോഴിക്കോട് ജില്ലയിലെ കോട്ടൂളി ഫുട്ബോൾ ആരവത്തിനായി തയ്യാറെടുക്കുകയാണ്. DYFI കോട്ടൂളി മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കോട്ടൂളി ലീഗ് ഫുട്ബോൾ അഞ്ചാം സീസണിലേക്ക് കടക്കുകയാണ്. കോട്ടൂളിയുടെ ചിരകാല സ്വപ്നമായ പൊതുകളിസ്ഥലം എന്ന ആവശ്യം അധികാരികൾക്കു മുന്നിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് “ആരവത്തിനായി കാതോർക്കാം കളിസ്ഥലത്തിനായി കൈകോർക്കാം” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കോട്ടൂളിലെ മുഴുവൻ ആളുകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ലീഗ് ഫുട്ബോൾ സംഘടിപ്പിക്കുന്നത്.
ഏഴു വയസ്സു മുതൽ 75 വയസ്സ് വരെയുള്ള അഞ്ഞൂറിൽ പരം പ്രാദേശിക സെവൻസ് ടൂർണമെന്റായ കോട്ടൂളി ലീഗ് ഫുട്ബോളിൽ മാറ്റുരയ്ക്കുന്നത്. വിജയികൾക്ക് സ: പവിത്രൻ, സ: അജയകുമാർ മെമ്മോറിയൽ എവർറോളിംഗ് വിന്നേഴ്സ് ട്രോഫിയും റണ്ണേർസിന് സ: കെ.വി ചോയിക്കുട്ടി ഗുരുക്കൾ മെമ്മോറിയൽ എവർറോളിംഗ് റൺസ് ട്രോഫിയും സമ്മാനമായി ലഭിക്കുന്നതാണ്.
2023 മെയ് 8 മുതൽ 14 വരെ കോട്ടൂളിയിലെ സോക്കർ സിറ്റി ടർഫിൽ വച്ചാണ് ലീഗ് ഫുട്ബോളിന്റെ അഞ്ചാം സീസൺ സംഘടിപ്പിക്കപ്പെടുന്നത്. കോട്ടൂളിയിൽ സെവൻസ് ഫുട്ബോളിന്റെ പഴയകാല പ്രതാപം ലീഗ് ഫുട്ബോളിലൂടെ തിരിച്ചുകൊണ്ടുവരിക എന്ന ഉദ്ദേശവും ഈ സീസണിൽ DYFI ക്ക് ഉണ്ട്. കോട്ടൂളി ലീഗ് ഫുട്ബോളിന്റെ അഞ്ചാം സീസണിന്റെ വിജയത്തിനായി അതിവിപുലമായ തയ്യാറെടുപ്പുകളാണ് കോട്ടൂളിയിൽ നടന്നുകൊണ്ടിരിക്കുന്നത്.