ഇന്ത്യൻ പുരുഷ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ഖാലിദ് ജമീൽ നിയമിതനായി. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) ഇന്ന് ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചും ഈ സ്ഥാനത്തേക്ക് മൂന്ന് പേരെയായിരുന്നു ഷോർട്ട്‌ലിസ്റ്റ് ചെയ്തിരുന്നത്. ഖാലിദ് ജമീലിനൊപ്പം, മുൻ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്ലോവാക് മാനേജർ സ്റ്റെഫാൻ ടാർകോവിച്ച് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

ലോകമെമ്പാടുനിന്നും ഏകദേശം 170 അപേക്ഷകളാണ് AIFF-ന് ലഭിച്ചത്. റോബി ഫൗളർ, ഹാരി കെവെൽ തുടങ്ങിയ പ്രമുഖരും അപേക്ഷകരുടെ കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ ഫുട്ബോൾ താരങ്ങളെ അടുത്തറിയാവുന്ന ഒരു കോച്ചിന് തന്നെ എ ഐ എഫ് എഫ് പ്രാധാന്യം നൽകുകയായിരുന്നു.
നിലവിൽ ജംഷഡ്പൂർ എഫ്‌സിയുടെ പരിശീലകനാണ് ജമീൽ. ആ സ്ഥാനം ഒഴിഞ്ഞാകും ഈ സ്ഥാനം ഏറ്റെടുക്കുന്നത്. 2017-ൽ ഐസ്വാൾ എഫ്‌സിയെ ചരിത്രപരമായ ഐ-ലീഗ് കിരീടത്തിലേക്ക് നയിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ നേട്ടം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും ജംഷഡ്പൂർ എഫ്‌സിയെയും ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനലുകളിലേക്ക് നയിച്ചതും ഇന്ത്യൻ ഫുട്ബോൾ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹത്തിനുള്ള അറിവ് വ്യക്തമാക്കുന്നു.
ഒരു ദശാബ്ദത്തിന് ശേഷം ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനാകുന്ന ആദ്യ ഇന്ത്യൻ പരിശീലകനാണ് ഖാലിദ് ജമീൽ.